കോട്ടയം : കുലശേഖരമംഗലം കൊടൂപ്പാടത്ത് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പഞ്ചായത്ത് 14-ാം വാർഡിൽ എട്ടുപറയിൽ വീട്ടിൽ പരേതനായ പ്രകാശന്‍റെ മകൻ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരെയാണ് കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ശ്യാം പ്രകാശ് പെയിന്‍റിങ് തൊഴിലാളിയാണ്. പ്ലസ് വൺ വിദ്യാര്‍ഥിയായ സഹോദരൻ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് വൈകിട്ട് മൂന്ന് മണിയോടെ വീട്ടിലെത്തിയ ശരത്ത് ആണ് തൂങ്ങിയ നിലയിൽ ഇരുവരെയും ആദ്യം കണ്ടത്. ഉടനെ ബഹളംവച്ചതിനെ തുടർന്ന് അയൽവാസികൾ ഓടിക്കൂടി വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കടന്നെങ്കിലും ഇരുവരും മരിച്ചിരുന്നു.
ALSO READ:ഭാര്യയും ഭർത്താവും വീടിനുള്ളിൽ മരിച്ച നിലയിൽ
പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം ആറ് മാസം മുൻപാണ് നടന്നത്. കഴിഞ്ഞ ദിവസം ശ്യാം പ്രകാശ് സമീപത്തുള്ള അമ്മാവൻ്റെ വീട്ടിലെത്തി യാത്ര പോകാന്‍ കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഹരി ഉപയോഗിച്ചിരുന്നതിനാൽ നൽകിയിരുന്നില്ല. ഇതിൽ ക്ഷുഭിതനായ ശ്യാം പോർച്ചിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് കാർ അടിച്ച് തകർത്തു. ഇത് കണ്ട് കുഴഞ്ഞുവീണ അമ്മാവൻ ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച ഇത് സംബന്ധിച്ച് പൊലീസ് കേസ് എടുത്തിരുന്നു. ഇതാകാം ദമ്പതികളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. വൈക്കം എസ്.ഐ അജ്‌മലിന്‍റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.