കോട്ടയം: കേരളത്തിലെ നിർമാണമേഖലയിലെ ഗവൺമെന്‍റ് കരാറുകാർ വിവിധ വകുപ്പുകളില്‍ നടക്കുന്ന ടെണ്ടറുകൾ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി ഓള്‍ കേരള ഗവൺമെന്‍റ് കേൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മോൻസ് ജോസഫ് എംഎൽഎ. കരാറുകാർക്ക് നൽകാനുള്ള കുടിശിക കൊടുത്ത് തീർക്കാത്തതിലും കരാറുകാർക്കെതിരായ നിലപാടുകളിലും പ്രതിഷേധാച്ചാണ് ബഹിഷ്‌കരണം. വിവിധ വകുപ്പുകളിലായി 4000 കോടിയിലധികം രൂപയാണ് കരാറുകാർക്ക് ലഭിക്കാനുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് 1300 കോടി രൂപയും പൊതുമരാമത്ത് വകുപ്പിൽ നിന്നും 2200 കോടിയും മറ്റു വകുപ്പുകളിൽ നിന്നായി 500 കോടിയും കരാറുകാർക്ക് ലഭിക്കാനുണ്ട്.
സംഭവം ചോദ്യം ചെയ്യുന്ന കരാറുകാരോട് വൈരാഗ്യബുദ്ധിയോടെയുള്ള സമീപനമാണ് ഉദ്യോഗസ്ഥർ കാണിക്കുന്നതെന്ന് ഇവർ പറയുന്നു. പ്രളയവും മഴയും മണിടിച്ചിലും മൂലം വൈകിയ നിര്‍മാണങ്ങള്‍ക്ക് വൻ പെനാൽറ്റികള്‍ കാരാറുകാർക്ക് മേൽ അടിച്ചേൽപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് കരാർ പ്രവൃത്തികൾ ചെയ്തവർക്ക് അഞ്ച് ലക്ഷത്തിന് മുകളിൽ ബിഡിഎസ് ഏർപ്പെടുത്തുമ്പോൾ പലിശ സർക്കാർ വഹിക്കേണ്ടതാണ്. എന്നാൽ ഇതും കരാറുകാർക്ക് മേൽ അടിച്ചേൽപ്പിക്കുന്നതായി ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് ടെണ്ടറുകൾ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി അഞ്ചിന് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും നേതാക്കൾ പറഞ്ഞു. പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ എന്നീ കരാറുകൾ ബഹിഷ്‌കരിക്കാനാണ് നിലവിലെ തീരുമാനം.