കോട്ടയം: ഈരാറ്റുപേട്ട തടവനാല്‍ പാലം നിര്‍മാണം മെയ് മുപ്പത്തിയൊന്നിനകം പൂര്‍ത്തീകരിക്കുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. മീനച്ചിലാറിന് കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ നാലാമത്തെ സ്പാനിന്റെ നിര്‍മാണം ആരംഭിച്ചു. ഉദ്യോഗസ്ഥരോടൊപ്പം എംഎല്‍എ മേഖലയില്‍ സന്ദര്‍ശനം നടത്തി.
2015 സെപ്റ്റംബറില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും പിന്നീട് നഷ്ടപരിഹാര തുക സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്ന് നിര്‍മാണം വൈകുകയായിരുന്നു. എംഇഎസ് ജങ്ഷനില്‍ നിന്നും ആരംഭിച്ച് തടവനാല്‍ വഴി വെയില്‍കാണാം പാറയിലെത്തുന്ന റോഡിന് 1.8 കിലോമീറ്ററാണ് ദൈര്‍ഘ്യം. ടൗണില്‍ പ്രവേശിക്കാതെ വാഹനങ്ങള്‍ക്ക് ഈ പാത പ്രയോജനപ്പെടുത്താനാകും. ഇത് ടൗണിലെ തിരക്കും കുറക്കും. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന ബൈപ്പാസ് പൂര്‍ത്തിയാകുന്നതോടെ 2.5 കിലോമീറ്റര്‍ ദൂരം കുറയും.
പുത്തന്‍പള്ളി മുതല്‍ പെരുന്നിലം വരെയും പെരുന്നിലം മുതല്‍ വെയില്‍കാണാംപാറ വരെയും രണ്ട് ഘട്ടമായാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. പദ്ധതിയുടെ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് കഴിഞ്ഞ മെയ് ഒന്നിന് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. യൂത്ത് സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷനാണ് പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.