കോട്ടയം: ശബരിമല ഇടത്താവളമായ എരുമേലിയിൽ അനധികൃതമായി ശൗചാലയങ്ങൾ പ്രവർത്തിക്കുന്നതായും മനുഷ്യവിസർജ്യം എരുമേലി വലിയ തോട്ടിലേക്ക് ഒഴുക്കുന്നതായും പരാതി. മണ്ഡലകാലം കണക്കിലെടുത്ത് ആയിരത്തിലധികം ശൗചാലയങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവക്ക് വേണ്ട രീതിയിലുള്ള ട്രീറ്റ്‌മെന്‍റ് പ്ലാന്‍റുകൾ ഇല്ല. ദേവസ്വം ബോർഡിന്റെ രണ്ട് സീവറേജ് പ്ലാന്‍റുകൾ ഉണ്ടെങ്കിലും കാലപ്പഴക്കം മൂലം അവ പ്രവർത്തനരഹിതമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു.
ശൗചാലയങ്ങളിലെ മനുഷ്യവിസർജ്യം അടങ്ങിയ മലിനജലം അയ്യപ്പഭക്തരടക്കം ഉപയോഗിക്കുന്ന എരുമേലി വലിയ തോട്ടിലേക്ക് ഒഴുക്കുന്ന സാഹചര്യമാണുള്ളത്. തോട്ടിലെ ജലം പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തിൽ കോളിഫോം ബാക്‌ടീരിയ, ഇ-കൊളൈ, ക്ലെബ്സിയെല്ല, വിബ്രിയോ തുടങ്ങിയ ബാക്‌ടീരിയകളുടെ അളവ് കൂടുതലായും കണ്ടെത്തിയിരുന്നു. ഇവ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പ്രാപ്തമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിഷയത്തിലെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡിനെയും സർക്കാരിനെയും സമീപിച്ചെങ്കിലും നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ തദ്ദേശവാസികളായ എം.എ ബാബു , പി.പി തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ പൊതുതാൽപര്യ ഹർജി നൽകിയിരിക്കുകയാണ്.