കോട്ടയം: പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ നഷ്‌ടമായ കര്‍ഷകര്‍ക്കായി 31.42 ലക്ഷം രൂപ ധനസഹായം നൽകി. കോട്ടയം വെച്ചൂർ പഞ്ചായത്തില്‍ പക്ഷിപ്പനിയെത്തുടര്‍ന്ന് താറാവുകള്‍ നഷ്ടമായ കര്‍ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്തു. അഞ്ച് കര്‍ഷകര്‍ക്കായി 31,42,500 രൂപയാണ് നല്‍കിയത്.
Read more: പക്ഷിപ്പനി; പാലക്കാട് ദ്രുതകർമ്മ സേന രൂപീകരിച്ചു
പനി ബാധിച്ച് ചത്തവയും രോഗപ്രതിരോധ നടപടികളുടെ ഭാഗമായി കൊന്നതും ഉള്‍പ്പെടെ 18,075 താറാവുകള്‍ക്കുള്ള നഷ്‌ടപരിഹാരമാണ് ഇത്. പക്ഷി പനി ബാധിച്ച് ചത്ത 9,295താറാവുകള്‍ക്ക് 200 രൂപ വീതം 18.59ലക്ഷം രൂപയും കൊന്നുകളഞ്ഞ 8,780 താറാവുകള്‍ക്ക് 12,83500 രൂപയും വീതമാണ് കര്‍ഷകര്‍ക്ക് നൽകിയത്. ഇതിനു പുറമെ കൊന്ന ഒന്‍പത് കോഴികള്‍ക്ക് 1800 രൂപയും നല്‍കി.
രണ്ടു മാസത്തില്‍ കൂടുതല്‍ പ്രായമുള്ള പക്ഷികള്‍ക്ക് 200 രൂപയും അതില്‍ താഴെ പ്രായമുള്ള പക്ഷികള്‍ക്ക് 100 രൂപ വീതവും എന്ന നിരക്കിലാണ് തുക അനുവദിച്ചത്. തലയോലപ്പറമ്പ് ലൈവ്സ്റ്റോക്ക് മാനേജ്മെൻ്റ് ട്രെയിനിംഗ് സെൻ്ററില്‍ നടന്ന ചടങ്ങില്‍ സി.കെ ആശ എംഎല്‍എ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു.