കോട്ടയം: കോട്ടയം ചന്തക്കടവിലെ വാടക വീട്ടിൽ നടന്ന ഗുണ്ട ആക്രമണത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. ആക്രമണം നടന്ന വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. പെണ്‍വാണിഭ സംഘങ്ങളുടെ കുടിപ്പകയാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
ശ്രുതി പിടിയിലായത് ഗൂഢാലോചനക്കേസില്‍
വീടുകയറി ആക്രമണം നടത്തിയ പെണ്‍വാണിഭ സംഘത്തില്‍ ഇന്നലെ അറസ്റ്റിലായ രണ്ട് പ്രതികളില്‍ ഒരാളായ പൊന്‍കുന്നം കോയിപ്പള്ളി സ്വദേശി അജ്‌മലിനെയാണ് പൊലീസ് തെളിവെടുപ്പിന് എത്തിച്ചത്. മല്ലപ്പള്ളി വായ്‌പൂര്‍ കുഴിക്കാട്ട് വീട്ടില്‍ ശ്രുതിയാണ് അറസ്‌റ്റിലായ രണ്ടാമത്തെയാള്‍. അക്രമം നടന്ന സമയത്ത് ശ്രുതി സംഭവസ്ഥലത്ത് ഇല്ലായിരുന്നു. എന്നാല്‍, ഗൂഢാലോചനക്കേസിലാണ് ഇവര്‍ പിടിയിലായത്.
അക്രമം നടത്തിയ 12 അംഗ ഗുണ്ടാസംഘത്തിനായുള്ള അന്വേഷണത്തിലാണ് പൊലീസ്. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തി. സംഘം അക്രമത്തിനായി വന്ന വഴികളും തിരിച്ചുപോയ വഴികളും തെളിവെടുപ്പ് സമയത്ത് അജ്‌മല്‍ പൊലീസിന് കാണിച്ചുകൊടുത്തു.
വെട്ടിയത് വാതില്‍ ചവിട്ടിപ്പൊളിച്ച്
ആക്രമണത്തിനായി എത്തിയപ്പോൾ വീട് പൂർണമായും അടഞ്ഞു കിടക്കുകയായിരുന്നു. മുൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് സംഘം വീടിന്‍റെ അകത്ത് കയറിയത്. മുൻവാതിൽ തകർന്നതും ഈ അക്രമത്തിൽ ആണെന്നും വീട്ടിലുണ്ടായിരുന്ന അമീർ ഖാനെയും സാൻ ജോസഫിനെയും വെട്ടി വീഴ്ത്തിയതിനെക്കുറിച്ചും അജ്‌മല്‍ വിവരിച്ചു.
അക്രമികൾ ആരെന്ന കാര്യത്തിൽ കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട് എന്ന് കോട്ടയം ഡി.വൈ.എസ്.പി എം അനിൽ കുമാർ പറഞ്ഞു. തിരുവനന്തപുരത്ത് നിന്നാണ് ആയുധങ്ങൾ കോട്ടയത്ത് എത്തിച്ചതെന്ന നിർണായക വിവരവും ഇവർ പൊലീസിന് കൈമാറി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ പൊലീസ് പരിശോധന മറികടന്ന് ഇത്രയും ജില്ലകൾ താണ്ടി ക്വട്ടേഷൻ സംഘത്തിന് കോട്ടയത്ത് എത്താനായതെങ്ങനെ എന്ന് പൊലീസ് അന്വഷിക്കും.
പ്രതികാരം മാനസിനെ ആക്രമിച്ചതിന്
കോട്ടയം കേന്ദ്രമായി പെൺവാണിഭം നടത്തിയ ജ്യോതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവർക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
നേരത്തെ ഏറ്റുമാനൂരിൽ സാൻ ജോസഫും മാനസ് മാത്യുവും ചേർന്ന് പെൺവാണിഭം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇവർ ആ കേന്ദ്രം അടച്ചുപൂട്ടുകയായിരുന്നു. മാനസിനെ ആക്രമിച്ചതിന്‍റെ പ്രതികാരമായാണ് ചന്ത കടവിലെ ക്വട്ടേഷൻ ആക്രമണം.
ALSO READ: മൃഗശാല ജീവനക്കാരന്‍റെ മരണം; സംഭവം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമെന്ന് അധികൃതർ