കോട്ടയം: ബേക്കർ എൽപിഎസ് വാക്സിനേഷൻ കേന്ദ്രത്തിൽ വാക്സിൻ സ്വീകരിക്കാനെത്തിയവരും പൊലീസും തമ്മിൽ വാക്കേറ്റം. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് കേന്ദ്രത്തിലെത്തിയവര്‍ പെരുമാറിയത്. സാമൂഹിക അകലം പാലിക്കാനോ കൃത്യമായി മാസ്ക് ധരിക്കാതെയുമാണ് ജനങ്ങള്‍ തടിച്ചുകൂടിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ വാക്സിനേഷൻ കേന്ദ്രത്തില്‍ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്.
ടോക്കൺ വിതരണത്തെ ചൊല്ലിയായിരുന്നു ഇന്ന് രാവിലെ തർക്കമുണ്ടായത്. ക്യൂവിൽ നിൽക്കാത്തവർക്ക് പൊലീസുകാർ ടോക്കൺ നൽകിയെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. സ്കൂൾ പരിസരത്ത് കൂട്ടം കൂടി നിന്നവർക്ക് പൊലീസ് ടോക്കൺ നൽകിയെന്ന് ക്യൂവിൽ നിന്നവർ ആരോപിച്ചു.
തർക്കത്തെ തുടർന്ന് തഹസിൽദാർ സംഭവ സ്ഥലത്തെത്തി. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസുകാരെയും വാക്സിനേഷൻ കേന്ദ്രത്തിൽ ഏർപ്പെടുത്തി. കൂടാതെ, ഇവിടെ മൂന്ന് ക്യൂ സജ്ജീകരിച്ചിട്ടുണ്ട്. ഇന്നലെ മുതൽ വാക്സിനെടുക്കാൻ വരുന്നവരുടെ വൻ തിരക്കാണ് ഇവിടെ കണ്ടുവരുന്നത്.