കോട്ടയം: കേരളത്തിലെ അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് - ജാഗ്രതാ സമിതി. കഴിഞ്ഞ രണ്ട് മന്ത്രിസഭകളുടെ കാലത്ത് ന്യൂനപക്ഷക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്രകാരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലുമുള്ള 80:20 അനുപാതം, ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തില്‍ 2017ല്‍ വരുത്തിയ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ഭേദഗതികള്‍, ക്ഷേമ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥ നിയമനങ്ങളിലെ അപാകതകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ കുറെനാളുകളായി ചര്‍ച്ചയായിരുന്നു. അടുത്ത മന്ത്രിസഭാ കാലഘട്ടത്തില്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും വിവേചന രഹിതവും നീതിയുക്തവും ആയിരിക്കണമെന്ന് ഉറപ്പു വരുത്തണമെന്നും യോഗം വിലയിരുത്തി.
അതിരൂപത കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ ഡയറക്‌ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍ അധ്യക്ഷത വഹിച്ചു. പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ജോര്‍ജ് വര്‍ഗീസ് വിഷയാവതരണം നടത്തി. മുഖ്യമന്ത്രി ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടും ക്രൈസ്‌തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ അറിയിച്ചു കൊണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, ഇരുമുന്നണികളുടെയും കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ക്ക് അതിരൂപത കേന്ദ്രത്തില്‍ നിന്നും കത്തു നല്‍കി.