കോട്ടയം: സംസ്ഥാന സർക്കാരിന്‍റെ വിവിധ വകുപ്പുകളിലെ ഫലയലുകൾ മുഖ്യമന്ത്രിക്ക് നേരിട്ടു നൽകണമെന്ന ഉത്തരവ് വിചിത്രമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. ഏകാധിപത്യമാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്ന് പറയാനുള്ള ആർജവം ഘടകകക്ഷികൾ കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ വകുപ്പുകൾ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളിൽ തൃപ്‌തിയില്ലാത്തതു കൊണ്ടാണോ അതോ മന്ത്രിമാരെ വിശ്വാസമില്ലാത്തതു കൊണ്ടാണോ മുഖ്യമന്ത്രിയുടെ പുതിയ പരിഷ്‌കരണമെന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് പറഞ്ഞു.
ആത്‌മാഭിമാനമുണ്ടങ്കിൽ എൽ.ഡി.എഫ് ഘടകകക്ഷികൾ മുഖ്യമന്ത്രിയുടെ ഏകാധിപത്യ നിലപാടുകൾ തുറന്ന് പറയണം. എല്ലാ വകുപ്പുകളിലും കൈ കടത്താനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. അതേസമയം, ജോസ് കെ മാണി വിഷയത്തിൽ പ്രതികരണത്തിന് തിരുവഞ്ചൂർ മുതിർന്നില്ല. ഓരോ രാഷ്ട്രീയ പാർട്ടിക്കും അവരുടേതായ തിരുമാനങ്ങൾ എടുക്കാം എന്നും ആ തീരുമാനത്തോട് യോജിക്കാത്തവർ മറു ഭാഗത്ത് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.