കോട്ടയം: പാലാ നഗരസഭയിൽ കേരള കോൺഗ്രസ് എമ്മും സിപിഎമ്മും തമ്മിൽ പോരു മുറുകുന്നു. കേരള കോൺഗ്രസ് എമ്മിന് താത്‌പര്യമില്ലാത്ത സിപിഎം സ്ഥാനാർഥിയായ ബിനു പുളിക്കകണ്ടത്തിനെ നഗരസഭ അധ്യക്ഷൻ ആക്കാനുള്ള നടപടിയാണ് എതിർപ്പിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ 2021 നിയമസഭ തെരഞ്ഞെടുപ്പിനിടെ ഇരുവിഭാഗവും തമ്മിൽ നഗരസഭയിൽ വച്ച് തർക്കം ഉണ്ടാവുകയും ഈ തർക്കത്തിനിടെ ബിനുവും കേരള കോൺഗ്രസ് എമ്മിൻ്റെ ബൈജു കൊല്ലംപറമ്പിലും തമ്മിൽ കയ്യാങ്കളി ഉണ്ടാവുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് ബിനു പുളിക്കകണ്ടത്തിനെ നഗരസഭ അദ്ധ്യക്ഷനാക്കാനുള്ള സിപിഎമ്മിൻ്റെ നീക്കത്തിനെതിരെ എതിർപ്പുമായി കേരള കോൺഗ്രസ് എം രംഗത്തെത്തിയത്. പാലാ നഗരസഭ ഭരണം എൽഡിഎഫിന് ലഭിച്ചപ്പോൾ കേരള കോൺഗ്രസ് എമ്മുമായി നഗരസഭ ഭരണം സംബന്ധിച്ച് ഉടമ്പടി ഉണ്ടാക്കിയിരുന്നു. ഈ ഉടമ്പടി അനുസരിച്ച് ആദ്യ രണ്ടു വർഷം കേരള കോൺഗ്രസ് എമ്മിനും പിന്നിടുള്ള രണ്ടുവർഷം സിപിഎമ്മിനും അവസാനവർഷം വീണ്ടും കേരള കോൺഗ്രസ് എമ്മിനും എന്ന രീതിയിലായിരുന്നു.
അതനുസരിച്ച് കേരള കോൺഗ്രസ് എമ്മിന്‍റെ ആന്‍റോ ജോസഫ് പടിഞ്ഞാറക്കര കഴിഞ്ഞ ഡിസംബർ 30 ന് രാജിവെച്ച് ഒഴിഞ്ഞു. ഈ സ്ഥാനത്തേക്കാണ് ബിനു പുളിക്കകണ്ടതിൻ്റെ പേര് സിപിഎം നിർദേശിച്ചത്. എന്നാൽ ബിനുവിന്‍റെ പേര് ഉയർന്നു കേട്ടതോടെ കേരള കോൺഗ്രസ് എം എതിർപ്പുമായി രംഗത്തെത്തി. ഈ വിഷയം സംബന്ധിച്ച് ഇന്നലെ മന്ത്രി വി എൻ വാസവൻ, കേരള കോൺഗ്രസ് എം ജില്ല അധ്യക്ഷൻ ലോപ്പസ് മാത്യുവുമായി ചർച്ച നടത്തിയിരുന്നു.
എന്നാൽ തങ്ങളുടെ നിലപാട് സിപിഎമ്മിനെ അറിയിച്ചുണ്ടെന്നാണ് കേരള കോൺഗ്രസ് എം ജില്ല അധ്യക്ഷൻ വ്യക്തമാക്കുന്നത്. അതേസമയം ഇരു വിഭാഗവും ഇടഞ്ഞുനിൽക്കുന്നത് ജില്ല നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും തലവേദന ആയിരിക്കുകയാണ്. ഇന്നു ചേരുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ ചെയർമാന്‍റെ കാര്യത്തിൽ തീരുമാനമുണ്ടാകില്ലയെന്ന് സിപിഎം ജില്ല സെക്രട്ടറി എ.വി റസൽ അറിയിച്ചു. ആദ്യം കോൺഗ്രസിലും രണ്ടാമത് ബിജെപിയിലേക്കും പോയ ബിനു സിപിഎം സ്ഥാനാർഥിയായി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.