കോട്ടയം: അഞ്ചിൽ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭയുടെ പാലാ രൂപത. 2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബങ്ങൾക്കാണ് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുമെന്നാണ് രൂപതയുടെ പ്രഖ്യാപനം. പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021 ന്‍റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫാ. ജോസഫ് കുറ്റിയാനിങ്കൽ അറിയിച്ചു.
also read:ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യ ഞെട്ടി; മെഡല്‍ പ്രതീക്ഷയായ മനുഭാക്കര്‍ - സൗരഭ് ചൗധരി സഖ്യം പുറത്ത്
പദ്ധതി പ്രകാരം പാലായിലെ സെന്‍റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം ലഭിക്കുമെന്നും കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ മാര്‍ സ്ലീവ മെഡിസിറ്റി പാലാ സൗജന്യമായി നല്‍കുമെന്നും പറയുന്നു.
കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ കുറഞ്ഞുവെന്ന് സൂചിപ്പിച്ച് 2019 ൽ ചങ്ങനാശേരി അതിരൂപത പുറപ്പെടുവിച്ച ഒരു ഇടയ ലേഖനത്തിന്‍റെ ഭാഗമായാണോ ഈ പദ്ധതിയെന്ന ചോദ്യത്തിന് ''അതും ഒരു കാരണമാണെന്ന്'' ഫാ. ജോസഫ് കുറ്റിയാനിങ്കൽ പറഞ്ഞു. എന്നാൽ നിലവിലെ കൊവിഡ് സാഹചര്യത്തിൽ കുടുംബങ്ങൾക്ക് സഹായം നൽകുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്‍റെ രൂപീകൃത സമയത്ത് ക്രിസ്ത്യാനികളായിരുന്നു സംസ്ഥാനത്തെ രണ്ടാമത്തെ വലിയ സമൂഹം. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 18.38 ശതമാനം മാത്രമായി ഈ സമൂഹം ഒതുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രഖ്യാപനത്തെ അനുകൂലിച്ചും വിമർശിച്ചും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്.