കോട്ടയം: ഉഴവൂരിലെ കാര്‍ഡിനല്‍ സ്‌പെഷ്യാലിറ്റി മാനസികാരോഗ്യ കേന്ദ്രം കോവിഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്‌ടര്‍ എം. അഞ്ജന. മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കലക്‌ടറുടെ ഉത്തരവ്. ഇതോടൊപ്പം ആശുപത്രിയെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമായും പ്രഖ്യാപിച്ചു.
കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ആശുപത്രിയിൽ ഏര്‍പ്പെടുത്താൻ ഉഴവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും ചുമതലപ്പെടുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ നേതൃത്വത്തില്‍ ആശുപത്രിയിൽ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്‍റ് നടപടി ആരംഭിച്ചു. മേഖലയിലെ രോഗനിയന്ത്രണത്തിന് ആവശ്യമെങ്കില്‍ പൊലീസിന്‍റെ സേവനം ലഭ്യമാക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചു.