കോട്ടയം: ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ഡിവൈഡറിലിടിച്ച കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവര്‍ പുറത്തിറങ്ങിയതിന് പിന്നാലെ കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം.
എറണാകുളം ഭാഗത്ത് നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഒരു വശത്തേക്ക് മറിഞ്ഞ നിലയിലായിരുന്നു. നാട്ടുകാരെത്തി ഡ്രൈവറെ പുറത്തിറക്കിയതിന് പിന്നാലെയാണ് കാറിന്‍റെ എഞ്ചിൻ ഭാഗത്ത് നിന്ന് തീയും പുകയും ഉയര്‍ന്നത്. വാഹനം പൂര്‍ണമായും കത്തി നശിച്ചു.
അപകടം ഒഴിവാക്കാന്‍ പൊലീസ് സ്ഥലത്തെത്തി പാതയിലെ ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ചു. തൊട്ടടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന് ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ തീ ആളിപടര്‍ന്നതോടെ കോട്ടയം അഗ്‌നിരക്ഷ സേനയെ വിവരം അറിയിച്ചു.
അഗ്‌നിരക്ഷ സേനയുടെ ചെറിയ വാഹനം എത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ വലിയ വാഹനം എത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. കാര്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.