തേനി/കോട്ടയം : തമിഴ്‌നാട്ടിലെ തേനിയില്‍ കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശികളായ യുവാക്കൾ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടമുണ്ടായത്. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുൽ (23) എന്നിവരാണ് മരിച്ചത്.
വടവാതൂർ സ്വദേശി അനന്ദുവിന്‍റെ സഹോദരിയെ തമിഴ്‌നാട്ടിലെ കോളജിൽ നിന്ന് കൂട്ടിക്കൊണ്ടു വരാനാണ് യുവാക്കൾ ഇന്നലെ വൈകിട്ട് കാറുമായി തേനിയിലേക്ക് പോയത്. അപകടത്തിൽ അനന്തുവിന് ഗുരുതര പരിക്കുണ്ട്. ടയര്‍ പൊട്ടിയ കാര്‍ നിയന്ത്രണം വിട്ട് ലോറിയില്‍ വന്നിടിക്കുകയായിരുന്നു.
![theni tamilnadu തേനി മലയാളി യുവാക്കൾ കാർ ലോറിയിലിടിച്ചു അപകടം ലോറി കാർ അപകടം റോഡ് അപകടം accident kerala new accident](https://etvbharatimages.akamaized.net/etvbharat/prod-images/klktmthenideathnames_07032023135918_0703f_1678177758_578.jpg)
അപകടം നടന്നതിങ്ങനെ : അനന്ദുവിന്‍റെ പിതാവിന്‍റെ സുഹൃത്തിന്‍റെ ഉടമസ്ഥതയിൽ ഉള്ള കാറിൽ ഇവർ അപകടത്തിൽ പരിക്കേറ്റ അനന്ദുവിന്‍റെ സഹോദരിയെ തമിഴ്‌നാട്ടിലെ കോളജിൽ നിന്ന് കൂട്ടിക്കൊണ്ടു വരാനുള്ള യാത്രയിലായിരുന്നു. തേനിക്കടുത്ത് അണ്ണാച്ചിവിളക്ക് എന്ന സ്ഥലത്ത് വച്ച് കാറിന്‍റെ പിൻഭാഗത്തെ ടയറുകളിൽ ഒന്ന് പൊട്ടി. ടയറുകൾ പൊട്ടിയതോടെ മൂന്ന് പേർ സഞ്ചരിച്ചിരുന്ന വാഗൺ-ആർ കാർ നിയന്ത്രണം വിടുകയായിരുന്നു.
എതിരെ വന്ന കർണാടക രജിസ്ട്രേഷനിലുള്ള ലോറിയുമായി കാർ കൂട്ടിയിടിച്ചു. കോയമ്പത്തൂരിൽ നിന്ന് ഇന്‍റർലോക്ക് കല്ലുകളുമായി തേനി ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. അപകടത്തിന് കാരണം ടയറുകളിൽ ഒന്ന് പൊട്ടിയത് തന്നെയാവാം എന്ന് തന്നെയാണ് പൊലീസ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പറഞ്ഞത്.
സംഭവ സ്ഥലത്ത് വച്ച് തന്നെ കാറിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തേനി സർക്കാർ മെഡിക്കൽ കോളജിലാണ് അനന്ദുവിനെ അഡ്‌മിറ്റ് ചെയ്‌തിരിക്കുന്നത്. അനന്ദു അപകട നില തരണം ചെയ്‌തിട്ടില്ല. അപകടത്തിൽ കാർ പൂർണമായും തകർന്നു.
റോഡപകടങ്ങൾ തുടർക്കഥയാവുന്നു : ബന്ധുവീട്ടിൽ നിന്ന് മടങ്ങവെ ഓട്ടോയും കാറും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചത് ഇന്നലെയാണ്. വയനാട് മേപ്പാടിയിൽ, ഈങ്ങാപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്നു ഓട്ടോ വിളിച്ച് വടുവന്‍ചാലിലേക്ക് മടങ്ങുകയായിരുന്ന ഓട്ടോ യാത്രക്കാരായ അമ്മയും മകളും മരിച്ചു. മേപ്പാടി നെടുമ്പാല ജങ്‌ഷനില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം കാര്‍, രണ്ട് ഓട്ടോകളിലിടിച്ച് ഓട്ടോ യാത്രക്കാരായ രണ്ട് സ്‌ത്രീകള്‍ മരിച്ചിരുന്നു. അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ഓട്ടോ യാത്രക്കാരായ വടുവഞ്ചാല്‍ അമ്പലക്കുന്ന് കോട്ടേക്കുടി മറിയക്കുട്ടി, മകള്‍ അമ്പലവയല്‍ കാരച്ചാലില്‍ താമസിക്കുന്ന മോളി എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കുണ്ട് ഖാലിദ്, കാര്‍ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി പുരുഷോത്തമന്‍,എന്നിവര്‍ക്ക് പരിക്കേറ്റു.
എന്നാൽ അപകടത്തില്‍പ്പെട്ട മറ്റൊരു ഓട്ടോയിലെ ഡ്രൈവര്‍ ലതീഷ് പരിക്കുകളില്ലാതെ രക്ഷപെട്ടു. ഇടിയുടെ കനത്ത ആഘാതത്തില്‍ മറിഞ്ഞ ഓട്ടോയില്‍ നിന്ന് ഓടിയെത്തിയ നാട്ടുകാരാണ് മറിയക്കുട്ടിയേയും മോളിയേയും പുറത്തെടുത്തത്. ഉടനടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിദിനം ട്രാഫിക് നിയമങ്ങൾ ലംഘിച്ചത് മൂലവും അമിത വേഗവും കാരണം നിരവധി ജീവനുകളാണ് റോഡിൽ പൊലിയുന്നത്. കൃത്യമായ ഇടവേളകളിൽ വണ്ടിയുടെ ഫിറ്റ്‌നസ് പരിശോധിക്കാത്തതും പ്രധാന കാര്യങ്ങളിലൊന്നാണ്.