കോട്ടയം: പാലാ ഐങ്കൊമ്പിൽ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് ഒരു വയസുകാരി മരിച്ചു. അടിമാലി സ്വദേശികളായ മനേഷ്-മെറിൻ ദമ്പതികളുടെ മകൾ നിയോമിയാണ് (ചിന്നു) മരിച്ചത്. അപകടത്തിൽ മെറിനും, മെറിന്‍റെ പിതാവ് വാവച്ചനും പരിക്കേറ്റു. പരിക്കേറ്റവരെ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്‌ച(02.08.2022) രാവിലെയായിരുന്നു അപകടം. കുട്ടിയ്‌ക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് അടിമാലിയിൽ നിന്നും ചേർപ്പുങ്കലിലെ ആശുപത്രിയിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാർ ഐങ്കൊമ്പ് ഭാഗത്തു വച്ച് റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തെ തുടർന്ന് കാർ റോഡിലേക്ക് മറിഞ്ഞു. ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് മൂന്ന് പേരെയും കാറിൽ നിന്നും പുറത്തെടുത്തത്. തുടർന്ന്, പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. കുട്ടിയുടെ പിതാവ് മനേഷ് വിദേശത്താണ്. സംഭവത്തിൽ രാമപുരം പൊലീസ് കേസെടുത്തു.