കോട്ടയം: തിരുവല്ല സ്വദേശിയായ ഡോക്‌ടറും കുടുംബവും സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല. വ്യാഴാഴ്‌ച (04.08.2022) രാത്രി 11 മണിയോടെ കോട്ടയം നാട്ടകം പാറേച്ചാൽ ബൈപ്പാസിലായിരുന്നു സംഭവം.
തിരുവല്ല സ്വദേശിയായ ഡോക്‌ടർ സോണിയ, ഇവരുടെ മൂന്ന് മാസം പ്രായമായ കുട്ടി, കാർ ഓടിച്ചിരുന്ന ഇവരുടെ ബന്ധു, ഡോക്‌ടർ സോണിയയുടെ മാതാവ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെയാണ് ഇവർ വാഹനം ഓടിച്ചിരുന്നത്. എന്നാൽ വഴിതെറ്റി ഇവർ പാറേച്ചാൽ ബൈപ്പാസിൽ എത്തുകയും കാർ സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നു.
ശബ്‌ദം കേട്ട് ഓടിക്കൂടിയ ആളുകൾ തോട്ടിലേക്ക് വടം ഇട്ടുകൊടുത്ത് നാലുപേരെയും കരയ്‌ക്കുകയറ്റി സമീപത്തെ വീട്ടിലെത്തിച്ചു. തുടർന്ന് ഈ വീട്ടിൽ നിന്ന് അപകടത്തിൽപെട്ടവർക്ക് മാറാനുള്ള വസ്‌ത്രവും നൽകി. നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. തുടർന്ന് പൊലീസ് സംഘം നാലുപേരെയും വീട്ടിലെത്തിച്ചു.