കോട്ടയം: പാലാ കിഴതടിയൂർ സഹകരണ ബാങ്ക് ഏർപ്പെടുത്തിയ മഹാകവി പാലാ നാരായണൻ നായർ സ്മാരക പുരസ്കാരം എഴുത്തുകാരന് സി.രാധാകൃഷ്ണന് സമ്മാനിച്ചു. പാലാ എം.എല്‍.എ മാണി സി.കാപ്പന് പരിപാടി ഉദ്ഘാടനം ചെയ്തു. 50,000 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരം എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് സി. രാധാകൃഷ്ണന് സമർപ്പിച്ചു.
പാലായില്‍ മണ്മറഞ്ഞ മഹാരഥന്മാര്ക്ക് അനുയോജ്യമായ സ്മാരകങ്ങള്‍ നിര്‍മിക്കുമെന്ന് മാണി സി.കാപ്പന് പറഞ്ഞു. ഒരു വാക്കും പറയാതെ ഒരുപാട് പഠിപ്പിച്ചയാളാണ് പാലാ നാരായണന് നായരെന്നും മഹാത്മാഗാന്ധിയുടെ ദർശനങ്ങൾ ജീവിതത്തിൽ അനുഷ്ഠിച്ചയാളായിരുന്നെന്നും രാധാകൃഷ്ണൻ പറഞ്ഞു. പ്രഫ.ആർ.എസ്. വർമജി ആമുഖപ്രഭാഷണവും ഡോ. സിറിയക് തോമസ് മഹാകവി പാലാ അനുസ്മരണ പ്രഭാഷണവും നടത്തി. ചാക്കോ സി. പൊരിയത്ത് മഹാകവിയുടെ ജീവിതരേഖ അവതരിപ്പിച്ചു.
പാലാ ഉപതെരഞ്ഞെടുപ്പ് ഫലം മാജിക്കിലൂടെ കൃത്യമായി പ്രവചിച്ച മജീഷ്യൻ കണ്ണൻ മോന് ഡോ. സിറിയക് തോമസും ഡോ. സാബു തോമസും ചേർന്ന് പ്രത്യേക പുരസ്കാരം നൽകി.