കോട്ടയം: മാനസിക ദൗർബല്യമുള്ള ആളുടെ ദേഹത്ത് ബസ് ജീവനക്കാരൻ ചൂട് വെള്ളം ഒഴിച്ചതായി പരാതി. ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്‍റിലാണ് സംഭവം. തൃക്കൊടിത്താനം കോട്ടമുറി സ്വദേശിയായ സ്റ്റാനി മാത്യുവിന്‍റെ ദേഹത്താണ് ചൂടുവെള്ളം ഒഴിച്ചത്. ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്‍റിലെ സദാശിവൻ എന്ന ബസ് ജീവനക്കാരനാണ് ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതെന്ന് സ്റ്റാനി പറയുന്നു.
മാനസിക ദൗർബല്യം നേരിടുന്ന സ്റ്റാനി മാത്യു ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്‍റിൽ എത്തുന്നത് പതിവായിരുന്നു. രോഗത്തിന്‍റെ ഭാഗമായി യാത്രക്കാർക്കോ മറ്റുള്ളവർക്കോ യാതൊരു വിധ ബുദ്ധിമുട്ടുകളും സ്റ്റാനി സൃഷ്‌ടിക്കാറില്ലായിരുന്നു എന്നാണ് സ്റ്റാന്‍റിൽ ഉള്ളവർ പറയുന്നത്. സ്വന്തമായി ബസ് ഉണ്ടായിരുന്ന സ്റ്റാനി ചില ദിവസങ്ങളിൽ ജീവനക്കാർക്കൊപ്പം ബസുകളിൽ കയറി പോവുന്നതും പതിവായിരുന്നു.
കവിയൂർ റൂട്ടിൽ ഓടുന്ന ബസിലെ ജീവനക്കാരനാണ് സ്റ്റാന്‍റിനുള്ളിലെ ചായക്കടയിൽ നിന്നും ചൂടുവെള്ളം വാങ്ങി സ്റ്റാനിയുടെ ദേഹത്ത് ഒഴിച്ചത്. ചൂട് വെള്ളം വീണ് സ്റ്റാനിയുടെ വയർ ഉൾപ്പെടയുള്ള ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം ബസ് ജീവനക്കാരൻ ഒളിവിലാണ്. ഇത് സംബന്ധിച്ച് സ്റ്റാനിയുടെ വീട്ടുകാർ ചങ്ങനാശേരി പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.