കോട്ടയം: വാര്‍ഷിക സമ്മേളന പരിപാടികള്‍ക്കായി ഗ്രീൻ റൂമിൽ സൂക്ഷിച്ചിരുന്ന ഓട്ടുവിളക്ക് മോഷ്‌ടിച്ച സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. ദേശാഭിമാനി ദിനപത്രത്തിന്‍റെ 80-ാം വാർഷിക സമ്മേളനത്തിന്‍റെ മുന്നൊരുക്കങ്ങൾക്കു വേണ്ടി കോട്ടയം തിരുനക്കര മൈതാനത്ത് സ്‌റ്റേജിന്‍റെ പുറകുവശത്തെ ഗ്രീൻ റൂമിൽ സൂക്ഷിച്ചിരുന്ന ഉദ്ദേശം ഒന്നര മീറ്റർ പൊക്കവും 10-20 കിലോ തൂക്കം വരുന്നതുമായ ഓട്ടുവിളക്കാണ് ഇന്നലെ പുലര്‍ച്ചെ രണ്ടുമണിക്ക് മോഷണം പോയത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് സംഘം നടത്തിയ ശാസ്‌ത്രീയമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
കോട്ടയം പുതുപ്പള്ളി വില്ലേജ് മാമ്മൂട്ടിൽ വീട്ടിൽ വിശ്വനാഥൻ മകൻ ദിപിൻ വിശ്വം (33), കാഞ്ഞിരപ്പള്ളി വില്ലേജ് കാളകെട്ടി ഭാഗം കൊട്ടാരമറ്റം വീട്ടിൽ മജീദ് മകൻ നസീർ (39), ഇടുക്കി കരുണാപുരം വില്ലേജിൽ ബാലഗ്രാം ഭാഗം ആറ്റുപുറമ്പോക്ക് വീട്ടിൽ ഗോപാലൻ മകൻ ബാബു എന്ന ചുണ്ടെലി ബാബു (48), ഉടുമ്പൻചോല താലൂക്കിൽ അമ്പലമേട് ഭാഗത്ത് മറ്റപ്പള്ളിൽ വീട്ടിൽ സുകുമാരൻ മകൻ സോബിൻ എം.എസ് എന്ന അനീഷ് (30) എന്നിവരാണ് പൊലീസ് പിടിയിലായത്. കോട്ടയം വെസ്‌റ്റ് പൊലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ ശ്രീജിത്ത് ടി, സിപിഒ ബിജു ഇ.ടി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.