കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനമായ മിനി മുത്തൂറ്റ് നിധി ലിമിറ്റഡിൽ ഒരു കോടിയലധികം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ബ്രാഞ്ച് മാനേജര്‍ അറസ്റ്റിൽ. മിനി മുത്തൂറ്റ് നിധി ലിമിറ്റഡിൻ്റെ പാലാ ശാഖയിലാണ് തട്ടിപ്പ് നടത്തിയത്. ഒളിവിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി വലിയപറമ്പില്‍ അരുണ്‍ സെബാസ്റ്റ്യനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്‌തത്. പത്തോളം ബ്രാഞ്ചുകളുടെ സോണല്‍ ഹെഡ് കൂടിയായിരുന്നു അരുണ്‍.
സ്വര്‍ണ പണയത്തിൻ്റെ മറവിലാണ് നാളുകള്‍ നീണ്ട വന്‍ സാമ്പത്തിക തട്ടിപ്പ് അരങ്ങേറിയത്. ബ്രാഞ്ചിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെയാണ് അരുണ്‍ തിരിമറി നടത്തിയത്. ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് സ്ഥാപനത്തിൽ പരിശോധനകള്‍ ഇല്ലാതിരുന്നത് മുതലെടുത്തായിരുന്നു തട്ടിപ്പ്. സ്വര്‍ണം പണയം വക്കാനെത്തുന്നവര്‍ക്ക് കൃത്യമായി തുക നൽകിയശേഷം, ലഭിച്ച സ്വര്‍ണത്തിൻ്റെ അളവ് കൂട്ടിക്കാണിച്ച് അതിനുള്ള തുക എഴുതിയെടുത്താണ് തട്ടിപ്പ് നടത്തിയത്. ഇടപാടുകാര്‍ നല്‍കുന്ന ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് പുതിയ പണയവും എടുത്തതായി പൊലീസ് പറഞ്ഞു.
കമ്പനി അധികൃതര്‍ നടത്തിയ ഓഡിറ്റിംഗിലാണ് തിരിമറികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ ഓഡിറ്റിംഗില്‍ ഒരു കോടിയിലധികം രൂപയുടെ തിരിമറി കണ്ടെത്തി. തുടര്‍ന്ന് അധികൃതര്‍ പാലാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ അരുണിനെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.