കോട്ടയം: ജയിച്ചവനെ പുറത്തു വിട്ട് തോറ്റവനെ മുന്നണിയിലാക്കിയതാണ് പാലായില്‍ എല്‍ഡിഎഫിന്‍റെ നവോത്ഥാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുക മാത്രമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. പിന്നീട് ജനങ്ങളുടെ പ്രതിഷേധം ഭയന്ന് പദ്ധതികള്‍ പേര് മാറ്റി നടപ്പിലാക്കി തന്‍റേതാണെന്ന് വരുത്തി തീര്‍ക്കും. ഇത് കേരള ജനത തിരിച്ചറിഞ്ഞു കഴിഞ്ഞു. കള്ള പ്രചാരണമൊന്നും ഇനി വിലപ്പോവില്ല. ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രക്ക് പാലായില്‍ നൽകിയ സ്വീകരണച്ചടങ്ങിലാണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
അതേസമയം എല്‍ഡിഎഫില്‍ നിന്ന് ജയിച്ചയാള്‍ യുഡിഎഫിലും തോറ്റയാള്‍ എല്‍ഡിഎഫിലും മാത്സരിക്കുന്ന വിചിത്ര മത്സരത്തിനാണ് അടുത്ത തെരഞ്ഞെടുപ്പില്‍ പാലാ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വോട്ടര്‍മാരെ വെല്ലു വിളിച്ചുകൊണ്ട് യാതൊരു തത്വ ദീക്ഷയുമില്ലാതെ സ്വന്തം കാര്യത്തിനായി കാലുമാറ്റത്തിന് മുന്നിട്ടിറങ്ങുന്നവരെ ജനങ്ങള്‍ തിരസ്‌കരിക്കുക തന്നെ ചെയ്യും. ഭരണത്തോടൊപ്പം സമരം ചെയ്യുന്നതിന് യാതൊരു മടിയുമില്ലാത്ത പ്രസ്ഥാനമാണ് സിപിഎം. ആളുകളെ പറഞ്ഞു പറ്റിക്കാന്‍ ഇതു പോലെ കഴിവുള്ള മറ്റൊരു പാര്‍ട്ടി വേറെ കാണില്ല. കൊള്ളക്കാരുടെ സംഘടനയില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ ഏറ്റവും യോഗ്യരായ പ്രസ്ഥാനം സിപിഎം മാത്രമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. വര്‍ഗീയതയെ മടിയിലിരുത്തി താലോലിച്ച് ഭീകര സംഘടനകളുടെ പോലും വോട്ട് തേടുന്ന കോണ്‍ഗ്രസിന് ദേശീയത നഷ്ടപ്പെട്ടു കഴിഞ്ഞു. രാജ്യത്തിന്‍റെ സമുന്നതിക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തുന്നത് തടസപ്പെടുത്തുകയും പിന്നീട് പേര് മാറ്റി തന്‍റേതാക്കി ചിത്രീകരിക്കുകയുമാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് വിജയയാത്ര പാലായിൽ എത്തിയത്. സ്വീകരണത്തിന് മുന്നോടിയായി ആയിരത്തോളം പേർ ഇരുചക്ര വാഹനങ്ങളിലായി പങ്കെടുത്ത വാഹന റാലി നഗരം ചുറ്റി. കടുത്തുരുത്തിയില്‍ നിന്ന് മുത്തോലി ഇന്‍ഡിയാര്‍ ജങ്ഷനില്‍ എത്തിയ വിജയയാത്ര ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കുരിശുപള്ളി ജങ്ഷനില്‍ എത്തിയപ്പോള്‍ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കി.