കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സിസ്റ്റർ അനുപമ. പൊലീസിന് നൽകിയ രേഖകളടങ്ങിയ ഡിവിഡിയും കോടതിക്ക് നൽകിയതും തമ്മിൽ വ്യത്യാസം വരാൻ കാരണം ഇതാണെന്നും അനുപമ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഇക്കാര്യത്തിൽ പങ്കുള്ളതായി സംശയിക്കുന്നതായും യഥാർത്ഥ തെളിവുകൾ പൊലീസിന് നൽകിയില്ലെങ്കിൽ ലാബിനെതിരെ പരാതി നൽകുമെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസിൽ ഫൊറൻസിക് തെളിവുകളിൽ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. ബിഷപ്പും ഇരയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോൺ രേഖകളെ സംബന്ധിച്ച് തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നിന്നും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും ലഭിച്ചത് വ്യത്യസ്ത രേഖകളാണ്. പാലാ സെഷൻസ് കോടതി, രേഖകളടങ്ങിയ ഡിവിഡി പരിശോധിച്ചപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. കോടതിയിൽ നൽകിയിരിക്കുന്ന ഡിവിഡിയിൽ മൂന്ന് ഫോൾഡറുകളുണ്ട്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയിരിക്കുന്നതില്‍ രണ്ട് ഫോൾഡറുകൾ മാത്രമാണുള്ളത്. ഫൊറൻസിക് ലാബിന്‍റെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക പിഴവാണോ അതോ മനഃപൂർവം രേഖകൾ മാറ്റി നൽകിയതാണോ എന്നത് വ്യക്തമല്ല.