കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ പക്ഷികളെ കൊന്നു തുടങ്ങി. പഞ്ചായത്തിലെ 14-ാം വാർഡിലെ കോഴി ഫാമിലാണ് പക്ഷി പനി സ്ഥിരീകരിച്ചത്. അതേസമയം പക്ഷികളെ കൊല്ലുന്നതിനെ പ്രദേശവാസികൾ എതിർത്തു. 14-ാം വാർഡായ കാവനാടിക്കടവ് ഭാഗത്ത് പക്ഷികളെ ദയാവധം ചെയ്‌ത് ശാസ്ത്രീയമായി മറവു ചെയ്‌ത് തുടങ്ങി. എന്നാൽ ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊല്ലുന്നതാണ് പ്രദേശവാസികൾ എതിർത്തത്.
പക്ഷി പനി സാധ്യത നേരത്തെ അറിഞ്ഞ് ചിലർ വളർത്തു കോഴികളെ ബന്ധു വീടുകളിലേക്ക് മാറ്റിയെന്നാണ് നാട്ടുകാരിൽ ചിലരുടെ ആരോപണം. പക്ഷികളെ കടത്തിയത് കണ്ടെത്താതെ തങ്ങളുടെ കോഴികളെ കൊല്ലാൻ അനുവദിക്കില്ലെന്നും നാട്ടുകാർ ആരോപിച്ചു.
14-ാം വാർഡിലെ വനിത കോഴി കർഷകയുടെ ഫാമിലെ കോഴി, താറാവ്, കാട എന്നിവയ്ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതായാണ് അറിയിപ്പ് വന്നത്. എന്നാൽ ദയാവധം നടത്താൻ അധികൃതർ ഫാമിൽ എത്തിയപ്പോൾ ഏതാനും താറാവുകൾ മാത്രമേ ഫാമിൽ ഉണ്ടായിരുന്നുള്ളൂ എന്നും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ പൊലീസ് സംരക്ഷണത്തിൽ മ്യഗസംരക്ഷണ വകുപ്പ് തുടർ നടപടിയെടുത്തു.
ഫാമിലെ കോഴികളുടെ സാമ്പിളുകൾ NIHSAD - ഭോപ്പാലിൽ അയക്കുകയുo വ്യാഴാഴ്‌ച പക്ഷിപ്പനി (H5N1) സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന്‍റെ നിർദേശങ്ങൾ അനുസരിച്ച് രോഗം സ്ഥിരീകരിച്ച കോഴികളെയും ഇതിനു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റു വളർത്തു പക്ഷികളെയും ദയാവധം ചെയ്‌ത് ശാസ്ത്രീയമായി മറവു ചെയ്യുന്ന നടപടികളാണ് നടന്നത്.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും (Epicentre) ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായും ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായുമാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്.