കോട്ടയം: പാലാ നഗരസഭ അധ്യക്ഷ സ്ഥാനം നല്‌കാതെ സിപിഎം തഴഞ്ഞ ബിനു പുളിക്കക്കണ്ടം തെരഞ്ഞെടുപ്പിന് എത്തിയത് കറുത്ത വസ്‌ത്രം ധരിച്ച്. താന്‍ വ്യക്തിപരമായി ആക്രമിക്കപ്പെട്ടുവെന്നായിരുന്നു സ്ഥാനാര്‍ഥിയായി പാര്‍ട്ടി നേതൃത്വം ജോസിൻ ബിനോയെ തെരഞ്ഞെടുത്തശേഷമുള്ള ബിനു പുളിക്കകണ്ടത്തിന്‍റെ ആദ്യ പ്രതികരണം. പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നതായും കൂടുതല്‍ കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കുമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.
അതേസമയം കറുത്ത വസ്‌ത്രം ധരിച്ചത് പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടല്ലെന്നും താൻ അണിഞ്ഞത് ആത്മസമർപ്പണത്തിന്‍റെ കറുപ്പാണെന്നും ബിനു മാധ്യമങ്ങളോട് പറഞ്ഞു. ഇന്നത്തേത് ചതിയുടെ ദിനമാണെന്നും മോഹഭംഗം വന്ന് രാഷ്‌ട്രീയ ഒളിച്ചോട്ടം നടത്തില്ലെന്നും ബിനു പറഞ്ഞു. ചതിക്കെതിരെ പ്രതികരിക്കാത്തത് പാർട്ടിയോടുള്ള കൂറുമൂലമാണ്.
ഒന്നും ഇവിടെ അവസാനിക്കുന്നില്ല. കാലം എല്ലാത്തിനും മറുപടി പറയും. ആരാണ് ചെയർമാൻ ആകേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ആ രാഷ്‌ട്രീയ പാർട്ടി തന്നെയാണ്. ഓടുപൊളിച്ച് വന്നതല്ല താനെന്നും പാലാ നിയമസഭ മണ്ഡലത്തില്‍ മാണി ഗ്രൂപ്പ് സ്ഥാനാർഥിയെ സിപിഎം തീരുമാനിച്ചാൽ എന്താകും സ്ഥിതിയെന്നും ബിനു പുളിക്കക്കണ്ടം മാധ്യമങ്ങളോട് പ്രതികരിച്ചു.
'നേതാവ് ഇപ്പോഴും ബിനു പുളിക്കകണ്ടം തന്നെ': നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതില്‍ ജോസിന്‍ ബിനോയും തന്‍റെ പ്രതികരണം അറിയിച്ചു. ബിനു പുളിക്കക്കണ്ടത്തെ മാറ്റിയതില്‍ തനിക്ക് വിഷമമുണ്ടെന്ന് ജോസിന്‍ ബിനോ മാധ്യമങ്ങളോട് പറഞ്ഞു. ഉള്ളുകൊണ്ട് അംഗീകരിച്ച നേതാവ് ഇപ്പോഴും ബിനു പുളിക്കകണ്ടം തന്നെയാണ്.
അദ്ദേഹത്തിന്‍റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്നും ജോസിന്‍ ബിനോ പറഞ്ഞു. കേരള കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് ബിനു പുളിക്കകണ്ടത്തെ അധ്യക്ഷ സ്ഥാനാർഥിത്വത്തിൽ നിന്നും സിപിഎം ഒഴിവാക്കിയത്. നേതൃത്വത്തിന്‍റെ തീരുമാനത്തില്‍ സിപിഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.