കോട്ടയം: സംസ്ഥാനം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണമാണ് ആഗ്രഹിക്കുന്നതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. ബിജെപിയും യുഡിഎഫും ഒന്നായി പ്രവര്‍ത്തിക്കുന്നവരാണ്. യുഡിഎഫ് നേതാക്കള്‍ ആര്‍എസ്‌എസിനെ കുറിച്ച് ഒന്നും പറയാറില്ല. മതേതര മൂല്യങ്ങളോട് ബിജെപിക്ക് വൈരാഗ്യമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ സഹായിക്കുകയാണെന്നും ബിനോയ് വിശ്വം എല്‍ഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥയില്‍ പറഞ്ഞു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ എന്നും ഇടതുപക്ഷം നിലകൊണ്ടിട്ടുണ്ട്. എന്തുകൊണ്ട് ഇതിനെതിരെ കോണ്‍ഗ്രസും മുസ്ലീം ലീഗും മിണ്ടാതിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം രാജ്യസ്‌നേഹത്തിന്‍റെ പേര് പറഞ്ഞ് ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നത് അംഗീകരിക്കാനാകില്ല. രാഷ്ട്രീയത്തില്‍ പലപ്പോഴും വിലകുറഞ്ഞ സ്കില്ല് കാണിച്ചിട്ടുള്ള പാര്‍ട്ടിയിലേക്ക് എഞ്ചിനീയറിങില്‍ വലിയ സ്കില്ലുള്ള വ്യക്തി പോയെന്നും ബിനോയ് വിശ്വം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് സുധാകരന്‍ മുഖ്യമന്ത്രിയെ ചെത്തുകാരന്‍റെ മകന്‍ എന്ന് വിളിച്ചത് അഭിമാനം നല്‍കുന്നതാണ്. താനും ഒരു ചെത്തുകാരന്‍റെ കൊച്ചുമകനാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയേറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എൽഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് പാലാ, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷം ആലപ്പുഴയിലേക്ക് കടക്കും.