കോട്ടയം: നീണ്ട രണ്ട് മാസങ്ങൾക്ക് ശേഷം, ചൊവ്വാഴ്ച്ചയാണ് സംസ്ഥാനത്ത് ഓട്ടോറിക്ഷകൾ സർവ്വീസ് വീണ്ടും പുനരാരംഭിച്ചത്. ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ ലോക്ക് ആയിരുന്നെങ്കിൽ ഇന്നിവർ ഓട്ടോ സ്റ്റാന്‍റുകളിൽ ലോക്കാണ്. ഓട്ടം നന്നെ കുറവ്. മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് ഒരു ഓട്ടമെങ്കിലും കിട്ടുക. ബസ് സർവീസുകൾ പുനരാരംഭിച്ചുവെങ്കിലും ആളുകൾ കൂടുതലായി എത്തിത്തുടങ്ങിയിട്ടില്ല. ഓട്ടോറിക്ഷകൾ വാടകക്ക് എടുത്ത് ഓടുന്നവരാണ് അധികവും. 800 രൂപക്ക് മുകളിൽ ഓട്ടം കിട്ടിയിരുന്ന ഓട്ടോറിക്ഷകൾക്ക് ഇപ്പോള്‍ ലഭിക്കുന്നത് 300 രൂപയിൽ താഴെ മാത്രം.
ഓട്ടോറിക്ഷകൾ ഓടി തുടങ്ങിയപ്പോൾ തന്നെ ഫൈനാൻസുകാരുടെ വിളിയെത്തി. മുടങ്ങിയ അടവുകൾ അടിയന്തരമായി അടച്ചു തീർക്കണം. പ്രതിസന്ധി നേരിടുന്ന മേഖലയിൽ ഓട്ടോ ഡ്രൈവർമാരുടെ ക്ഷേമനിധി തുകയിൽ നിന്നും പണം നൽകുമെന്ന വാഗ്ദാനവും വാക്കുകളിൽ ഒതുങ്ങി. വരും ദിവസങ്ങളിൽ ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കുകയും, ജില്ലക്കകത്തു നിന്നും പുറത്തു നിന്നുമായി കൂടുതൽ ബസുകൾ സർവ്വീസ് നടത്തുകയും ചെയ്യുന്നതോടെ പ്രതിസന്ധി ഘട്ടത്തിന് അയവ് വരുമെന്ന പ്രതീക്ഷയിലാന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ.