കോട്ടയം: നാല് പതിറ്റാണ്ടിലേറേയായി ക്രിസ്‌തുവിന്‍റെ ക്രൂശിത രൂപം നിർമിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് ബേബി സിറിയക് എന്ന ബേബി. താൻ നിർമിക്കുന്ന ക്രിസ്‌തുവിന്‍റെ രൂപങ്ങളിലെല്ലാം ആ ചൈതന്യം ഉണ്ടാകുന്നതിൽ ഏറെ സന്തോഷവാനാണ് ബേബി. കോട്ടയം മാന്നാനം സ്വദേശിയായ ബേബിയുടെ വീടിനോട് ചേർന്നാണ് ക്രിസ്‌തുവിന്‍റെ ക്രൂശിത രൂപങ്ങൾ നിർമിക്കുന്ന പണിപ്പുര.
നാലുപതിറ്റാണ്ടു മുൻപ് ക്രൂശിത രൂപങ്ങൾ മറ്റുള്ളവരിൽ നിന്ന് വാങ്ങി കടകളിൽ വിറ്റായിരുന്നു ഉപജീവനം. എന്നാൽ, ഉള്ളിലുള്ള കലാ അഭിരുചി കൊണ്ട് രൂപങ്ങള്‍ നിർമിക്കാൻ ബേബി പഠിച്ചു. കുമ്പിളിന്‍റെ തടിയിലാണ് രൂപങ്ങൾ കൊത്തുന്നത്.
തേക്കിൽ നിർമിച്ച കുരിശിൽ ഇവ യോജിപ്പിചു മിനുക്കുപണികൾ കഴിയുമ്പോൾ ക്രൂശിത രൂപം പൂർത്തിയാകുന്നു. ക്രൂശിത രൂപങ്ങൾ മാത്രമല്ല മാതാവിന്‍റെയും വിശുദ്ധൻമാരുടെയും പല വലിപ്പത്തിലുള്ള രൂപങ്ങൾ ബേബി നിർമിക്കുന്നുണ്ട്. തടിയിലും, സിമന്‍റിലും, ഫൈബറിലും എല്ലാം പ്രതിമകൾ നിർമിക്കാനറിയാം.
കൂടാതെ, രൂപകൂടകളും നിർമിക്കുന്നുണ്ട്. അടുത്തിടെ ഫ്രാൻസിലേക്ക് രൂപക്കൂടും തിരു പിറവിയെ അടിസ്ഥാനമാക്കി മൂന്നു രാജാക്കൻമാരുടെ രൂപങ്ങളും നിർമിച്ചു നൽകിയിരുന്നു. ഡൽഹിയിലെ പള്ളിയിലേക്ക് ബേബി നിർമിച്ചു കൊടുത്ത ക്രിസ്‌തുവിന്‍റെ ക്രൂശിത രൂപത്തിന്‍റെ കണ്ണിൽ നിന്നു കണ്ണീരൊഴുകിയതായി പള്ളിയിലുള്ളവർ അറിയിച്ചതും ബേബി പങ്ക് വെച്ചു.
തടിയിൽ കൊത്തുമ്പോൾ രൂപങ്ങളുടെ മുഖഭാവം ശരിയായി വന്നില്ലെങ്കിൽ വീണ്ടും മിനുക്കി യഥാർത്ഥ ഭാവത്തിലാക്കാൻ ശ്രമിക്കുമെന്നും ബേബി പറയുന്നു. തെറ്റുകുറ്റങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രാർത്ഥനയോടെയാണ് നിർമാണ ജോലികൾ തുടങ്ങുന്നതെന്നു അദ്ദേഹം പറഞ്ഞു. അഞ്ച് ഇഞ്ച് മുതൽ ആവശ്യമനുസരിച്ച് പത്തും പതിനഞ്ചും അടി വരെയുള്ള രൂപങ്ങളും നിർമിച്ചിട്ടുണ്ട്.
ഒരടി പൊക്കമുള്ള ക്രൂശിതരൂപം 1450 രൂപയ്ക്കാണ് കടകൾക്ക് കൊടുക്കുന്നത്. ഏതു വലിപ്പത്തിലും രൂപങ്ങൾ നിർമിക്കാൻ വിദഗ്‌ധനാണ് ബേബി. വലിപ്പമനുസരിച്ച് വിലയിൽ മാറ്റം വരും. മൂന്ന് ലക്ഷം രൂപ വരെയുള്ള പ്രതിമകൾ ഉണ്ട്.
വലിയ നോമ്പായതിനാൽ ഇപ്പോൾ സീസണാണെന്ന് ബേബി പറഞ്ഞു. വനിതകളും അന്യ സംസ്ഥാന തൊഴിലാളികളുമടക്കം 10 ആളുകൾ ബേബിയ്ക്കൊപ്പം മാന്നാനത്തെ മറിന ആർട്ട് സെന്‍ററിൽ പ്രതിമ നിർമാണത്തിലേർപ്പെട്ടിരിക്കുകയാണ്.