കോട്ടയം: അരുവിത്തുറ വല്യച്ഛനെ കുറിച്ചുള്ള ഗാനം എഴുതി ശ്രദ്ധേയനാവുകയാണ് ഓട്ടോറിക്ഷ ഡ്രൈവറായ ചെമ്മലമറ്റം സ്വദേശി വിശാഖ്. ഗാനം ആലപിച്ചതാകട്ടെ ഭാര്യ ഹർഷയും. ഇരുവരും സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരങ്ങളായിരിക്കുകയാണ്.
ഈരാറ്റുപേട്ടക്കാർക്ക് ഗീവർഗീസ് പുണ്യാളൻ അരുവിത്തുറ വല്യച്ഛനാണ്. ഗീവര്‍ഗീസ് പുണ്യാളനെക്കുറിച്ചെഴുതിയ ഗാനത്തിലൂടെയാണ് 26കാരനായ വിശാഖിന്റെ പ്രതിഭ പുറംലോകമറിഞ്ഞത്. ഓർക്കസ്ട്രേഷൻ ഇല്ലാതെയാണ് ഹർഷ ഗാനമാലപിച്ചതെങ്കിലും പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഹർഷയുടെ ആദ്യ സംഗീത പരിശ്രമമാണിത്.
തിടനാട് ടൗണിലെ പെട്ടി ഓട്ടോറിക്ഷ ഡ്രൈവറായ വിശാഖിന് കലാരംഗത്ത് പ്രത്യേക പരിശീലനമോ പാരമ്പര്യമോ ഇല്ല. അഭിമന്യുവിനെ കുറിച്ചായിരുന്നു ആദ്യ കവിത. പിന്നീട് പ്രണയം, അയ്യൻ അയ്യപ്പൻ, ഗുരുദേവൻ, അരുവിത്തുറ വല്യച്ഛൻ എന്നിങ്ങനെ നിരവധി ഗാനങ്ങളുമെഴുതി. ഗാനങ്ങൾക്ക് സംഗീതം നൽകുന്നതും വിശാഖ് തന്നെയാണ്. ഇതിൽ അരുവിത്തുറ വല്യച്ഛനെ കുറിച്ചുള്ള ഗാനം മാത്രമാണ് വെളിച്ചം കണ്ടത്. അരുവിത്തുറ വല്യച്ഛനെ കുറിച്ച് നിരവധി ഗാനങ്ങൾ ഉണ്ടെങ്കിലും വിശാഖിന്‍റെ ഗാനം വ്യത്യസ്ത പുലർത്തുന്നു. വിശാഖിന്‍റെ ജീവിതാനുഭവങ്ങൾ തന്നെയാണ് വരികളിൽ നിഴലിക്കുന്നത്. ജിവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ അരുവിത്തുറ വല്യച്ഛന്‍റെ സന്നിധിയിൽ ആയിരുന്ന സമയമാണ് ഗാനത്തിന്റെ ഇതിവൃത്തം.
വിശാഖിന്‍റെ ഗാനരചനയെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനയാൾ ഹർഷ തന്നെ. ഏറെനാളത്തെ പരിശ്രമത്തിലൂടെയാണ് വിശാഖ് വരികൾ പൂർത്തിയാക്കുന്നതെന്ന് ഹർഷ പറയുന്നു. സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുകയാണ് ഹർഷ. ഓർക്കസ്ട്രയുടെ സഹായത്തോടെ ഗാനം പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹമാണ് ഇരുവർക്കുമുള്ളത്.