കോട്ടയം: സ്‌ത്രീ വിരുദ്ധതയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മനസിലെന്ന ആരോപണവുമായി ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ. ലതികാ സുഭാഷിന്‍റെ പ്രതിഷേധം ശരിയായില്ല എന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്‌താവനയിൽ നിന്നാണ് ഇത് മനസിലായതെന്ന് ആനി രാജ വ്യക്തമാക്കി. അതേ സമയം പ്രതിഷേധത്തിന് മറ്റേതേങ്കിലും കാരണമാകാം എന്നാണ് മുല്ലപ്പള്ളി പ്രതികരിച്ചതെന്നും അവർ ആരോപിച്ചു.
ഒരു സ്‌ത്രീക്ക് പ്രതിഷേധിക്കാൻ പോലും അവകാശമില്ലേ എന്നും ആനി രാജ ചോദിച്ചു. അതേ സമയം വാളയാർ പെൺകുട്ടിയുടെ അമ്മയ്‌ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമുണ്ടെന്നും അതിൽ അമ്മയുടെ രാഷ്‌ട്രീയം മാത്രമേ കാണുന്നുള്ളുവെന്നും ആനി രാജ വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്‌നം ലിംഗ സമത്വത്തിന്‍റെ വിഷയമാണെന്നും തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഈ വിഷയം ഉയർത്തി കൊണ്ടു വരുന്നത് രാഷ്‌ട്രീയ ഉദ്ദേശത്തിന് വേണ്ടിയാണെന്നും എല്ലാ വിഭാഗം ജനങ്ങളും എൽ.ഡി.എഫിന്‍റെ തുടർ ഭരണം ആഗ്രഹിക്കുന്നുണ്ടെന്നും ആനിരാജ പറഞ്ഞു. കോട്ടയo പ്രസ് ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ആനിരാജ.