കോട്ടയം: ഗുരുക്കൻമാരില്ലാത്ത പുല്ലാംങ്കുഴൽ വായന പഠിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് കാരക്കുളം തച്ചേത്തുപറമ്പിൽ ജോമോന്‍റെ മകനായ പതിനാറുകാരന്‍ അലൻ. ഭംഗിയായി പുല്ലാങ്കുഴൽ വായിക്കുന്ന ഈ മിടുക്കന്‍ വാദനം പഠിച്ചത് യൂട്യൂബ് വഴിയാണ്. പുല്ലാങ്കുഴൽ വായന ഹരമായ അലന് വിവിധ തരത്തിലുള്ള മുപ്പതോളം പുല്ലാങ്കുഴൽ ശേഖരമുണ്ട്.
പഴയതും പുതിയതുമായ നിരവധി മലയാള ഗാനങ്ങൾ പുല്ലാങ്കുഴലില്‍ അലന്‍ ഭംഗിയായി വായിക്കും. അലന്‍റെ പുല്ലാങ്കുഴൽ വായനയ്‌ക്ക് സമൂഹ മാധ്യമങ്ങളില്‍ നിരവധി ആരാധകരുമുണ്ട്. അലൻ പാലാക്കാരൻ എന്ന പേരിൽ ഫേസ്‌ബുക്കില്‍ ഈ കൗമാരക്കാരന്‍ സജീവമാണ്. വായിക്കുന്ന പാട്ടുകള്‍ സുഖമുള്ളതെങ്കിലും അത്രമേല്‍ സുന്ദരമല്ല അലന്‍റെയും കുടുബത്തിന്‍റെയും ജീവിതം. പിതാവ് ജോമോൻ പാറമട തൊഴിലാളിയായിരുന്നു. ഒരപകടത്തിൽ ജോമോന് ഗുരുതരമായി പരിക്കേറ്റു. ഇതോടെ ജോലിക്ക് പോകാന്‍ കഴിയാതായി.
ജീവിതം വഴിമുട്ടിയപ്പോള്‍ ലോട്ടറി വില്‍പന ജീവനോപാധിയായി സ്വീകരിച്ചു. സ്‌കൂള്‍ വിട്ടെത്തിയ ശേഷം ജോമോനൊപ്പം അലനും ലോട്ടറി കച്ചവടത്തില്‍ സഹായിക്കും. കുടുംബത്തിന്‍റെ വിശപ്പടക്കാന്‍ അത് കൂടിയേ തീരൂ. ഒപ്പം പണം സ്വരുക്കൂട്ടി മികച്ച ഓടക്കുഴല്‍ വാങ്ങാനും അലന്‍ ആശിക്കുന്നു. അവന്‍റെ കഴിവുകളെ പ്രോത്സാപ്പിക്കണമെന്നും ഉയർന്ന നിലയില്‍ എത്തിക്കണമെന്നും ജോമോന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്.
പക്ഷേ വാടക വീട്ടിൽ താമസിക്കുന്ന ജോമോന് പ്രാരാബ്‌ധങ്ങള്‍ കാരണം അലന്‍റെ മുന്നോട്ടുള്ള യാത്ര സുഗമമാക്കുന്നതില്‍ പരിമിതികളുണ്ട്. ഇത്തവണത്തെ എസ്.എസ്.എൽ.സി.പരീക്ഷയിൽ വിജയം വരിച്ച അലൻ തുടര്‍ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. മാതാവും, ആറാം ക്ലാസുകാരിയായ സഹോദരിയും അടങ്ങുന്നതാണ് അലന്‍റെ കുടുംബം.
Also Read: പുല്ലാങ്കുഴല്‍ നാദമാകുന്ന ശ്വാസതാളം, ആ പെരുന്തച്ചൻ ഇവിടെയുണ്ട്