കോട്ടയം: ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കത്തില്‍ പാത്രിയാര്‍ക്കീസ് വിഭാഗത്തിന്‍റെ നാവായി സർക്കാർ പ്രവര്‍ത്തിക്കുന്നെന്ന് ഓര്‍ത്തഡോക്‌സ് പക്ഷത്തിന്‍റെ ആരോപണം. സഭാതര്‍ക്കം സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതിയന്‍ കതോലിക്ക ബാവക്കയച്ച കത്ത് ചൂണ്ടികാണിച്ചാണ് ഓര്‍ത്തഡോക്‌സ് പക്ഷത്തിന്‍റെ പുതിയ ആരോപണങ്ങള്‍.
പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ കേസുകളില്‍ 1934-ലെ ഭരണഘടന ഹാജരാക്കണമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയതാണ്. ഇതേ ഭരണഘടന ഹാജരക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിന്‍റെ ഉദ്ദേശ ശുദ്ധി വ്യക്തമാകുന്നില്ലെന്നും ഓര്‍ത്തഡോക്‌സ് സഭാ വക്താവ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
2017ല്‍ സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കണമെന്നും. കേസില്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവിശ്വാസവും നിക്ഷിപ്ത താല്‍പര്യവും വ്യക്താമാക്കുന്നതാണ് പുതിയ നടപടിയെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നത് സംശയമുണ്ടാക്കുന്നതാണെന്നും കോടതി അലക്ഷ്യ നടപടിക്കെതിരെ കേസുമായി മുന്നോട്ട് പോകുമെന്നും സഭ വ്യക്തമാക്കി.