കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നത് ഭാര്യയും മക്കളുമെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്‌സ് ചാണ്ടി. 2015ൽ രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് ഭാര്യ മറിയാമ്മയും മകൻ ചാണ്ടി ഉമ്മനുമാണ്. ന്യൂയോർക്കിൽ ചികിത്സയ്ക്കായി പോയപ്പോൾ, അവിടെവച്ച് ചികിത്സ നിഷേധിച്ചത് മകനും ഭാര്യയും ആണെന്നും അലക്‌സ് ചാണ്ടി ആരോപിച്ചു.
രോഗം കണ്ടുപിടിച്ചിട്ടും മൂന്ന് വർഷത്തോളം ഈ വിവരം കുടുംബാംഗങ്ങളിൽ നിന്ന് മറച്ചുവച്ചു. മകൾ മറിയം ഉമ്മനും മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ആണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്ക് എതിരായി നിൽക്കുന്നത്. ആധുനിക ചികിത്സയ്ക്ക് പകരം ആയുർവേദ ചികിത്സയാണ് ഇപ്പോൾ അദ്ദേഹത്തിന് നൽകുന്നത്. ജർമനിയിൽ വിദഗ്‌ധ ചികിത്സയ്ക്ക് പോയിട്ടും ശരിയായ രീതിയിൽ ചികിത്സിക്കാന്‍ ഇവർ സമ്മതിച്ചില്ല.
ചികിത്സ നിഷേധിക്കുന്നതില്‍ പ്രാർഥനാസംഘങ്ങളുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നു. തന്‍റെ സഹോദരന് ചികിത്സ നിഷേധിക്കുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും ഡിജിപിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മെഡിക്കൽ ബോർഡ് രൂപീകരിച്ച് തീരുമാനമെടുക്കണം. പരാതി പിൻവലിക്കാൻ തനിക്ക് മേൽ സമ്മർദമുണ്ടെന്നും സഹോദരൻ പറഞ്ഞു.
അതേസമയം, ചികിത്സ നിഷേധിക്കുന്നുവെന്നത് വ്യാജ ആരോപണമാണെന്നും ശരിയായ ചികിത്സ നല്‍കുന്നുണ്ടെന്നും മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്‌ബുക്ക് ലൈവിലൂടെ ഇന്ന് പറഞ്ഞു. ഇതിനെ ശരിവച്ച് ഉമ്മന്‍ ചാണ്ടിയും സംസാരിച്ചു.