കോട്ടയം: ശക്തമായ മഴയില്‍ വീടിന്‍റെ സംരക്ഷണ ഭിത്തി തകർന്നു. തീക്കോയി മംഗളഗിരി ചൂണ്ടി ഭാഗത്ത് ആറ്റുപുറമ്പോക്കില്‍ കഴിയുന്ന പുതുവീട്ടില്‍ വീനിഷീന്‍റെ സംരക്ഷണഭിത്തിയാണ് തകർന്നത്. മഴ തുടരുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ എങ്ങോട്ട് പോകുമെന്ന വിഷമ സന്ധിയിലാണ് വൃദ്ധമാതാവും കുട്ടികളുമടങ്ങുന്ന ആറംഗകുടുംബം. മീനച്ചിലാറിന്‍റെ തീരത്തെ ആറ്റുപുറമ്പോക്കിലാണ് വര്‍ഷങ്ങളായി വിനീഷിന്‍റേതടക്കം 20-ലധികം കുടുംബങ്ങള്‍ കഴിയുന്നത്. ആറിനോട് തൊട്ടുചേര്‍ന്നുള്ള വീടിന്‍റെ കെട്ട് ഇടിഞ്ഞതിനൊപ്പം മുറ്റം വീണ്ടുകീറുകയും ചെയ്തതോടെ വീട് തകര്‍ച്ചാഭീഷണി നേരിടുകയാണ്. വിനീഷും ഭാര്യയും ഭാര്യയുടെ മാതാവും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബമാണ് ഈ വീട്ടില്‍ കഴിയുന്നത്.
വീട് അപകടാവസ്ഥയിലായ കാര്യം വില്ലേജ് ഓഫീസില്‍ അറിയിച്ചെങ്കിലും പുറംപോക്ക് ഭൂമിയായതിനാല്‍ സഹായം അനുവദിക്കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. വിനീഷ് കൂലിപ്പണിയെടുത്തും ഭാര്യ ഷാഹിന തൊഴിലുറുപ്പ് ജോലിയ്ക്കുപോയുമാണ് കുടുംബം പുലര്‍ത്തുന്നത്. പൊളിഞ്ഞ സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കാന്‍ വന്‍തുക വേണ്ടിവരും. മുന്‍വര്‍ഷങ്ങളില്‍ വെള്ളപ്പൊക്ക സമയത്ത് കുടുംബത്തെ ക്യാമ്പിലേയ്ക്ക് മാറ്റിയിരുന്നു. പ്ലാസ്റ്റിക് കൊണ്ട് മൂടിയാണ് ഇപ്പോള്‍ വീട് നനയാതെ സൂക്ഷിക്കുന്നത്. മുന്നില്‍ മീനച്ചിലാറിന്‍റെ ഇരമ്പല്‍ തുടരുമ്പോള്‍ ഭീതിയോടെ വീടിനുള്ളില്‍ കഴിച്ചുകൂട്ടുകയാണ് ഈ കുടുംബം.