കോട്ടയം : കനത്ത മഴയിൽ കൂട്ടിക്കൽ പ്ലാപ്പിള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചുപോയത് ഒരു കുടുംബം ഒന്നാകെ. കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്‍റെ ആറംഗ കുടുംബമാണ് ഉരുൾപൊട്ടലിൽ ഇല്ലാതായത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്‍റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരുടെ ജീവനാണ് കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടൽ കവർന്നത്.
അപകട സമയത്ത് ആറ് പേരും വീട്ടിലുണ്ടായിരുന്നു. ആറ് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മാർട്ടിന്‍റെ മൂന്ന് മക്കളും വിദ്യാർഥികളാണ്. ഇവരുടെ വീടിന് മുകൾഭാഗത്തുണ്ടായ ഉരുൾപൊട്ടലിലാണ് വീട് ഒലിച്ചുപോയതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു മാര്‍ട്ടിന്‍.
Also Read: സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യത ; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കൂട്ടിക്കൽ വില്ലേജിലെ പ്ലാപ്പിള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചുപോയതെന്നാണ് ലഭിക്കുന്ന വിവരം. സ്‌ത്രീകളും കുട്ടികളുമുൾപ്പടെ കാണാതായ 13 പേരിൽ 6 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാന്‍ കഴിയാത്ത നിലയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒലിച്ചുപോയ കുടുംബങ്ങളിലെ ചിലര്‍, വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴുക്കിവിടാന്‍ മറ്റൊരു ഭാഗത്തേക്കുപോയ സമയത്താണ് ഉരുള്‍പൊട്ടി വീടുകള്‍ ഒലിച്ചുപോയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.