കോട്ടയം: ആശങ്കയുയർത്തി കോട്ടയത്ത് കൊവിഡ് 19 സമ്പർക്ക രോഗികളുടെ എണ്ണം ഉയരുന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ഏഴ് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേരുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കും, വിദേശത്തു നിന്നെത്തിയ ഒരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. വൈക്കം താലൂക്ക് ആശുപത്രിയിലെ ഫാർമസിസ്റ്റിനും, പാമ്പാടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ.
എറണാകുളത്ത് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുള്ള വൈക്കം സ്വദേശിനി, ആലപ്പുഴയിൽ ജോലി ചെയ്യുന്ന വൈക്കം ടി.വി പുരം സ്വദേശിനി, എറണാകുളത്ത് പൊലീസ് വകുപ്പിൽ ജോലി ചെയ്യുന്ന ടി.വി പുരം സ്വദേശി, ഉദയനപുരം സ്വദേശി, പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച ഡോക്‌ടറുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന സ്വദേശി, നേരത്തെ രോഗം സ്ഥിരീകരിച്ച വെച്ചൂർ സ്വദേശിനിയുടെ ഭർതൃ മാതാവ്, ചങ്ങന്നാശ്ശേരി വാഴപ്പള്ളി സ്വദേശി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ പൊലീസ് വകുപ്പ് ഉദ്യോഗസ്ഥനും വാഴപ്പള്ളി സ്വദേശിക്കും എവിടെ നിന്നാണ് രോഗം ഉണ്ടായതെന്നതിൽ വ്യക്തതയില്ല. 186 പേരാണ് നിലവിൽ രോഗബാധിതരായി ജില്ലയിൽ ചികത്സയിലുള്ളത്.