കോട്ടയം: വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിനും താമസ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും കോട്ടയം ജില്ലയിൽ വിപുലമായ സജ്ജീകരണങ്ങൾ. കോട്ടയം ജില്ലയിലേക്ക് തിരികെയെത്താൻ നോർക്ക മുഖേന രജിസ്റ്റർ ചെയ്തിട്ടുള്ളവർ 1,13,950 പേരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 6,200 പേരും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇവർക്കെല്ലാം പൊതു സമ്പർക്കം ഒഴിവാക്കി കഴിയുന്നതിനായി 234 കൊവിഡ് ഐസൊലേഷൻ കേന്ദ്രങ്ങളാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.
ഹോട്ടലുകൾ, ലോഡ്‌ജുകൾ, ഹോം സ്റ്റേകൾ, മത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട താമസ കേന്ദ്രങ്ങൾ, ഹോസ്റ്റലുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾക്കാണ് പരിശോധനച്ചുമതല. താലൂക്ക് തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി തഹസിൽദാർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് ഐസൊലേഷൻ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടാകുന്ന പക്ഷം ആശുപത്രിയിലേക്ക് മാറ്റും. കോട്ടയം മെഡിക്കൽ കോളജ്-ജില്ലാ ആശുപത്രികൾക്ക് പുറമെ പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാമ്പാടി താലൂക്ക് ആശുപത്രികളും സജ്ജമായി കഴിഞ്ഞു.