കൊല്ലം: പത്തനാപുരം പഞ്ചായത്തിൽ നാളെ ഹര്‍ത്താല്‍. ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലുണ്ടായ പൊലീസ് നടപടിക്കെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കൊല്ലത്ത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നടുറോഡില്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. കെബി ഗണേഷ് കുമാറിൻ്റെ പത്തനാപുരത്തെ വസതിയിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. എംഎല്‍എയുടെ വസതിക്ക് ഒരു കിലോ മീറ്റര്‍ മുൻപേ പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞിരുന്നു. ബാരിക്കേഡ് മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോകാന്‍ ശ്രമിക്കവെ പൊലീസ് ലാത്തി വീശുകയായിരുന്നു. സംഘർഷത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് സജു ഖാന് പരിക്കേറ്റു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ എംഎല്‍എയുടെ സാന്നിധ്യത്തിലാണ് പ്രതിഷേധക്കാരെ മര്‍ദിച്ചത്. പിഎ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നാണ് ആരോപണം. വെട്ടിക്കവല പഞ്ചായത്തിലെ കോക്കാട് വാര്‍ഡിലെ ക്ഷീര വികസന സംഘത്തിന്‍റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എയെ കരിങ്കൊടി കാട്ടിയത്.