കൊല്ലം: സോഷ്യൽ മീഡിയ വഴി അപമാനിച്ചു എന്ന പേരിൽ 19കാരനായ യുവാവിനെ മൃഗീയമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമം. ആലപ്പുഴ വള്ളികുന്നം സ്വദേശിയായ അച്ചു എന്ന യുവാവിനെയാണ് കൊറിയർ നൽകാനെന്ന വ്യജേന കരുനാഗപ്പള്ളിയിലേക്ക് വിളിച്ചുവരുത്തി മർദിച്ചത്. സംഭവത്തിൽ കൊട്ടാരക്കര ഓടനാവട്ടം തുറവൂർ സ്വദേശി രാഹുലിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
അച്ചുവിനെ കരുനാഗപ്പള്ളിയിൽ വിളിച്ചുവരുത്തിയശേഷം ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി മൃഗീയമായി മർദ്ദിക്കുകയായിരുന്നു. ശേഷം മർദന ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തി. ഈ ദൃശ്യങ്ങൾ കേരള പൊലീസിന്‍റെ സോഷ്യൽ മീഡിയ മോണിറ്ററിങ് സെല്ലിന്‍റെ ശ്രദ്ധയിൽപ്പെടുകയും പൊലീസ് ആസ്ഥാനത്തു നിന്നും കൊല്ലം സിറ്റി ജില്ല പൊലീസ് മേധാവിക്ക് അയക്കുകയും ചെയ്തു.
തുടർന്ന് കൊല്ലം ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസിന്‍റെ നിർദ്ദേശ പ്രകാരം കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ മർദനമേറ്റ അച്ചുവിനെ കണ്ടെത്തുകയും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
അച്ചുവിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫോൺ നമ്പർ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ രാഹുലിനെ പിടികൂടിയത്. ഇയാൾ പൂയപ്പള്ളി സ്റ്റേഷനിൽ കൊലപാതകശ്രമം, പിടിച്ചുപറി, ബലാത്സംഗം എന്നിവയടക്കം പതിനഞ്ചോളം കേസുകളിൽ പ്രതിയും പിടികിട്ടാപുള്ളിയുമാണ്.
2018 ൽ ഓടനാവട്ടത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ പ്രസംഗ വേദിയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ്, വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസ് എന്നിവയിൽ പ്രതിയാണ് അറസ്റ്റിലായ രാഹുൽ. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.