കൊല്ലം: ലോക എയ്ഡ്സ് ദിനാചരണം കൊല്ലത്ത് നടന്നു. 'അസമത്വങ്ങള്‍ അവസാനിപ്പിക്കാം എയ്‌ഡ്‌സും, മഹാമാരികളും ഇല്ലാതാക്കാം' എന്ന മുദ്രാവാക്യവുമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി ജില്ലാ മെഡിക്കൽ ഓഫീസ് നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.
സ്കിറ്റ് മത്സരങ്ങൾ സംഘടിപ്പിച്ചും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ദീപം തെളിയിച്ചും എയ്‌ഡ്‌സ് ദിന പരിപാടികൾ കൂടുതൽ മനോഹരമാക്കി. വിവിധ നഴ്സിങ് കോളജ് വിദ്യാർഥികൾ, അധ്യാപകർ, ജില്ലാ മെഡിക്കൽ ഓഫിസ് ജീവനക്കാർ എന്നിവർ ദീപം തെളിയിക്കലിന്‍റെ ഭാഗമായി. തുടർന്ന് നഴ്സിങ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടന്നു.
ലിങ്ക് റോഡിൽ നിന്നും ആരംഭിച്ച എയ്‌ഡ്‌സ് ബോധവത്കരണ റാലി അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ ജി.ഡി വിജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ വകുപ്പിൻ്റെ ശക്തമായ ബോധവത്കരണത്തിലൂടെയാണ് എയ്‌ഡ്‌സ് എന്ന മഹാമാരിയെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതെന്ന് എ.സി.പി പറഞ്ഞു. ഡി.എം.ഒ ഡോ. ബിന്ദു മോഹൻ, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.ജെ മണികണ്ഠൻ, ഡോ.ആർ സന്ധ്യ, ഡോ. സാജൻ മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.