കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ്ട്രയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. പൂള്‍ സിയിലെ മത്സരത്തില്‍ മഹാരാഷ്ട്ര 6-1ന് ഉത്തര്‍പ്രദേശിനെ തകര്‍ത്തു. മഹാരാഷ്ട്രയ്ക്കായി ഐശ്വര്യ ചവാന്‍ രണ്ട് ഗോൾ നേടി. അര്‍ച്ചന ഭരദ്വാജിന്റെ വകയായിരുന്നു ഉത്തര്പ്രദേശിന്റെ ആശ്വാസഗോള്‍. ഉത്തര്പ്രദേശിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. രണ്ടാം വിജയത്തോടെ മഹാരാഷ്ട്ര പൂള്‍ സിയില്‍ നിന്നും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി.
എ ഡിവിഷനില്‍ ശനിയാഴ്ച കേരളം നിർണായക മത്സരത്തിന് ഇറങ്ങും. രാവിലെ എട്ട് മണിക്ക് നടക്കുന്ന പൂള്‍ എയിലെ മത്സരത്തില്‍ കേരളം, ഹോക്കി ഹിമാചലിനെ നേരിടും. ആദ്യ മത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഒഡീഷയോട് പരാജയപ്പെട്ടിരുന്നു. അര്‍ച്ചനയാണ് ഒഡീഷക്കെതിരെ കേരളത്തിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. രാവിലെ 9.30ന് നടക്കുന്ന പൂള്‍ ബിയിലെ മത്സരത്തില്‍ സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)ക്ക് കര്‍ണാടകയാണ് എതിരാളി. തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് സായി ഇറങ്ങുന്നത്.
പൂള്‍ ബിയിലെ മത്സരത്തില്‍ സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് രാജസ്ഥാനെ തകര്‍ത്തു. സായിക്ക് വേണ്ടി സോണിയ ഇരട്ടഗോള്‍ നേടി. ബിനിത ടിര്‍ക്കി, വര്‍ത്തിക റാവത്ത്, ബേഡുങ് ഡുങ്, പ്രമീള സോറെങ്, താന്യ എന്നിവര്‍ സായിക്ക് വേണ്ടി ഓരോ ഗോളുകള്‍ വീതം സ്‌കോര്‍ ചെയ്തു. രണ്ടാംതോല്‍വിയോടെ രാജസ്ഥാന്‍ ടൂര്ണമെന്റില് നിന്നും പുറത്തായി. പൂള്‍ എ യിലെ ഒഡീഷ-മധ്യപ്രദേശ് മത്സരം 2-2ന് സമനിലയില്‍ അവസാനിച്ചു. ടൂര്‍ണമെന്‍റിലെ ആദ്യ സമനിലയാണിത്. പൂള്‍ സിയിലെ മറ്റൊരു മത്സരത്തില്‍ തമിഴ്‌നാട് രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ചണ്ഡീഗണ്ഡിനെ പരാജയപ്പെടുത്തി. പൂള്‍ എയില്‍ ഭോപ്പാല്‍ എത്തിച്ചേരാത്തതിനാല്‍ ഹോക്കി ഹിമാചലിനും പൂള്‍ ബിയില്‍ ഗാങ്പുര്‍ ഒഡീഷ എത്തിച്ചേരാത്തതിനാല്‍ ഹരിയാനയ്ക്കും വാക്കോവര്‍ ലഭിച്ചു.