കൊല്ലം: ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരു മാസം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുവതി പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂർ കുറുമണ്ടൽ സ്വദേശി ഷംനയാണ് ആത്മഹത്യാശ്രമം നടത്തിയത്.
നാല് വർഷം മുൻപായിരുന്നു ഷംനയുടേയും കോട്ടപ്പുറം സ്വദേശി അനൂപിന്‍റേയും വിവാഹം. വിവാഹം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞപ്പോൾ മുതൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഷംനയെ പീഡിപ്പിക്കാന്‍ തുടങ്ങി. നവംബര്‍ 14ന് ഇത് സംബന്ധിച്ച് ഷംന പരവൂർ പൊലീസിൽ പരാതി നല്‍കി.
അനൂപിനും ഇയാളുടെ ബന്ധുക്കളായ രണ്ട് സ്ത്രീകൾക്ക് എതിരെയുമാണ് ഷംന പരാതി നല്‍കിയത്. എന്നാൽ അവർക്കെതിരേ കേസ് എടുക്കാതെ, പരാതി പിൻവലിച്ചില്ലെങ്കില്‍ തനിക്കെതിരേ കേസെടുക്കുമെന്ന് പരവൂർ എസ്‌എച്ച്ഒ പറഞ്ഞതായി ഷംന ആരോപിക്കുന്നു.
ഇതിനെതിരേ ചാത്തന്നൂർ എസിപി, ജില്ല പൊലീസ് മേധാവി , ഡിജിപി, മുഖ്യമന്ത്രി എന്നിവർക്കെല്ലാം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പരാതിയെ കുറിച്ച് അന്വേഷിക്കാനെത്തിയ തന്നെ പരവൂർ സിഐ പരിഹസിച്ചുവെന്നും അതിൽ മനം നൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഷംന പറയുന്നു.
എന്നാൽ ഷംനയുടെ പരാതിയിന്മേല്‍ കേസെടുത്തിട്ടുണ്ടെന്നും തെളിവുകൾ ലഭ്യമാകാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നുമാണ് പരവൂർ പൊലീസിന്‍റെ വിശദീകരണം.