കൊല്ലം: സ്വകാര്യ വ്യക്തി സംരക്ഷണ ഭിത്തി കെട്ടി ഓടയിലെ ജലമൊഴുക്ക് തടസപ്പെടുത്തിയതായി പരാതി. മഴ ശക്തമായതോടെ പ്രദേശത്തെ കൃഷി ഭൂമികളിൽ വെള്ളം കയറി. കേരളപുരം കല്ലൂർ മുക്കിലാണ് സ്വകാര്യ വ്യക്തി സംരക്ഷണ ഭിത്തി കെട്ടി ഓടയടച്ചത്. കേരളപുരം കല്ലൂർമുക്കിൽ പത്തോളം കുടുംബങ്ങൾ സ്വന്തം വസ്തുനൽകി നിർമ്മിച്ചതാണ് 150 മീറ്ററോളം വരുന്ന ഓട.
ഇത് അവസാനിക്കുന്നത് കാട്ടഴികത്തുവടക്കതിൽ രാധാകൃഷ്ണ പിള്ളയുടെ വസ്തുവിലാണ്. ഓടയിലൂടെ ഒഴുകിവരുന്ന വെള്ളം ഇവിടെനിന്നും സമീപത്തെ വയലിലേക്കും അവിടെനിന്നും കരിമ്പിൻകര തോട്ടിൽ ചെന്നും നില്‍ക്കും. വെള്ളം വയലിലേക്ക് ഒഴുകുന്ന ഭാഗത്താണ് കഴിഞ്ഞ മാർച്ച് മാസത്തിൽ ഉടമസ്ഥൻ സംരക്ഷണഭിത്തി കെട്ടിയടച്ചത്. ഇതോടെ വയലിലേക്കുള്ള ജലമൊഴുക്ക് തടസപ്പെട്ടു. രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് രാധാകൃഷ്ണപിള്ളയുടെയടക്കം അഞ്ച് പേരുടെ കൃഷിഭൂമിയിൽ വെള്ളം കയറി.
also read: ന്യൂമാഹി പഞ്ചായത്തില്‍ കടലേറ്റം രൂക്ഷം
ഇളമ്പള്ളൂർ വില്ലേജിലും കൊറ്റങ്കര പഞ്ചായത്തിലും പരാതി നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്ന് പരാതിക്കാരനായ സതീശൻ പറയുന്നു. തുടർന്ന് കൊല്ലം ആർഡിഒക്ക് നൽകിയ പരാതിയിന്മേൽ നടപടികൾ നടന്നുവരികയാണ്. മഴ ശക്തമായി തുടർന്നാൽ പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.