കൊല്ലം: വിസ്‌മയയുടെ മരണത്തില്‍ ശക്തമായ തെളിവുണ്ടെന്നും കുറ്റം ചെയ്‌തവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും അന്വേഷണ ചുമതലയുള്ള ഐജി ഹർഷിത അട്ടല്ലൂരി. ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നിലമേലുള്ള വിസ്‌മയയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. വിസ്‌മയയുടെ സഹോദരനെ കിരൺ കൈയേറ്റം ചെയ്‌ത സംഭവത്തിലും കേസെടുക്കുമെന്ന് ഐജി വ്യക്തമാക്കി.
വിസ്‌മയയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന വാദത്തിലുറച്ച് നിൽക്കുകയാണ് കുടുംബം. കേസ് അന്വേഷിക്കുന്ന ഐജി ഹർഷിത അട്ടല്ലൂരിക്ക് ഇത് സംബന്ധിച്ച മൊഴിയും കുടുംബം നൽകി. വിസ്‌മയയുടെ അമ്മയുടെയും അച്ഛന്‍റേയും സഹോദരന്‍റെയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
കിരൺ വീട്ടിലെത്തി മകനെ കൈയേറ്റം ചെയ്‌ത സംഭവവും വീണ്ടും അന്വേഷിക്കണമെന്നും ഐജിയോട് വിസ്‌മയയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. വിസ്‌മയ അവസാനമായി അയച്ചെന്ന് പറയുന്ന വാട്‌സ് ആപ്പ് സന്ദേശവും ചിത്രങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.
Read more: വിസ്മയയെ കിരൺകുമാർ മർദിച്ചത് പുനരന്വേഷിക്കണം: ത്രിവിക്രമൻപിള്ള
അതേസമയം, വിസ്‌മയയുടെ അന്തിമ പോസ്റ്റ്മാർട്ടം റിപ്പോർട്ട് വരുന്നതനുസരിച്ചാകും കിരണ്‍ കുമാറിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുക. കിരണിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ വ്യാഴാഴ്‌ച സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അന്തിമ പോസ്റ്റ്‌മോര്‍ട്ടം ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത സർജന്‍റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.