കൊല്ലം : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും സ്പെഷ്യൽ വില്ലേജ് ഓഫീസറും വിജിലൻസ് പിടിയിലായി. പവിത്രേശ്വരം വില്ലേജ് ഓഫീസർ അഞ്ചാലുംമൂട് സ്വദേശി എസ്.വിശ്വേശരൻപിള്ള, സ്പെഷ്യൽ വില്ലേജ് ഓഫീസർ എഴുകോൺ അമ്പലത്തുംകാല സ്വദേശിനി കെ. മിനി എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച്ച രണ്ടരയോടെയായിരുന്നു സംഭവം. പരാതിക്കാരനായ സജിയുടെ അഞ്ച് സെൻ്റ് പുരയിടം പോക്കുവരവ് ചെയ്യുന്നതിനായി രണ്ടു തവണ വില്ലേജ് ഓഫീസർ 500 രൂപ കൈക്കൂലി ചോദിച്ചു വാങ്ങിയിരുന്നു. എന്നിട്ടും പോക്കുവരവ് ചെയ്ത് നൽകിയില്ല.
വീണ്ടും 500 രൂപ കൂടി അവശ്യപ്പെട്ടു. ഈ വിവരം ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി നൽകി. തുടർന്ന് വിജിലൻസിൻ്റെ നിർദേശ പ്രകാരം ചൊവ്വാഴ്ച സജി വില്ലേജ് ഓഫീസിലെത്തി. വില്ലേജ് ഓഫീസർക്ക് 500 രൂപാ നൽകി. തുടർന്ന് പണം സ്പെഷ്യൽ വില്ലേജ് ഓഫീസർക്ക് കൈമാറാൻ ഓഫീസർ അറിയിച്ചതിനെ തുടർന്ന് സജിയിൽ നിന്നും അവരാണ് പണം കൈപ്പറ്റിയത്. തുടർന്ന് വിജിലൻസ് സംഘം ഇരുവരേയും കൈയോടെ പിടികൂടുകയായിരുന്നു. കൊല്ലം വിജിലൻസ് ആന്‍റി കറപ്ഷൻ ഡി.വൈ.എസ്.പി കെ. അശോക് കുമാർ, സി.ഐ സുധീഷ്, എസ്.ഐ മാരായ ഹരിഹരൻ, സുനിൽ, ഫിലിപ്പോസ്, എ.എസ്.ഐമാരായ അജയഘോഷ്, സുരേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.