കൊല്ലം: ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം ഉണ്ടായിട്ടും വീടും വസ്തുവും നൽകാത്തതിൽ പ്രതിഷേധിച്ച് ഭിന്നശേഷിക്കാരന്‍ വില്ലേജ് ഓഫീസിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ചൽ പൊടിയാട്ടുവിള ജിസൻ ഭവനിൽ വർഗീസ് (38) ആണ് ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വാഹനാപകടത്തെ തുടർന്ന് വര്‍ഗീസിന്‍റെ കൈകാലുകളുടെ ചലന ശേഷി ഭാഗികമായി നഷ്ടപ്പെടുകയും രണ്ടു കണ്ണിന്‍റേയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വാടകവീട്ടിലാണ് വർഗീസ് താമസിക്കുന്നത്.
തനിച്ച് താമസിക്കുന്ന യുവാവ് മുമ്പ് പഞ്ചായത്ത് മെമ്പറുടെ സഹായത്തോടെയാണ് റേഷൻ കാർഡ് സ്വന്തമാക്കിയത്. ഇതിനിടെ അപേക്ഷയുമായി ജില്ലാ കലക്ടറെ സമീപിച്ച വർഗീസിനെ പരിഗണിക്കാൻ പഞ്ചായത്തിന് നിർദേശം ലഭിച്ചു. എന്നാൽ ഗ്രാമപഞ്ചായത്ത് അധികാരികൾ വർഗീസിന് വീടും വസ്തുവും നൽകാൻ തയ്യാറായില്ല. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച രാവിലെ വില്ലേജ് ഓഫീസിനു മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കിയത്.
എന്നാൽ ഇതു സംബന്ധിച്ച് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വില്ലേജ് ഓഫീസറുടെ വിശദീകരണം. ഇക്കാര്യത്തിൽ പഞ്ചായത്താണ് തീരുമാനം എടുക്കേണ്ടതെന്നും വില്ലേജ് ഓഫീസർ പറഞ്ഞു. യുവാവിനെക്കുറിച്ച് അന്വേഷണം നടത്തി അർഹനാണെങ്കിൽ വീടും വസ്തുവും നൽകുന്ന കാര്യം പരിഗണിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രനാഥ് പറഞ്ഞു. വില്ലേജ് ഓഫീസിനു സമരം ചെയ്ത യുവാവിനെ പൊലീസ് അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് മാറ്റി.