കൊല്ലം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെസി വേണുഗോപാല്‍ എന്തുകൊണ്ടാണ് ആലപ്പുഴയില്‍ മത്സരിക്കാതിരുന്നതെന്നും മത്സരിച്ചിരുന്നെങ്കില്‍ കെട്ടി വെച്ച കാശ് പോലും കിട്ടില്ലായിരുന്നുവെന്നും വെള്ളാപ്പള്ളി കൊല്ലത്ത് പറഞ്ഞു.
കെ.സി കേരളത്തില്‍ ആദ്യം കോണ്‍ഗ്രസിനെ കലക്കി. അതിന് ശേഷം ഡല്‍ഹിയിലെത്തിയും കോണ്‍ഗ്രസിനെ കലക്കിയെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. കേരളത്തിൽ യുഡിഎഫിന്‍റെ സ്ഥിതി പരിതാപകരമാണെന്നും കോൺഗ്രസ് കേരളത്തിൽ വഴിയാധാരമായെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിൽ പിണറായി മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി ബാഗില്‍ പണം കടത്തിയെന്നത് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ലെന്നും പറഞ്ഞ എസ്എൻഡിപി ജനറല്‍ സെക്രട്ടറി കേന്ദ്രം വീണ്ടും മോദി തന്നെ ഭരിക്കും എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്കെന്നും ഇന്ത്യയിൽ പ്രതിപക്ഷം പോലുമില്ലാത്ത അവസ്ഥയാണുള്ളതെന്നും കൂട്ടിച്ചേർത്തു.
എൻ.ഡി.എ എന്ന സംഘടന സംവിധാനം കേരളത്തിൽ ഇല്ല. ബിജെപി കേരളത്തിൽ രക്ഷപ്പെടില്ല. അവരുടെ സ്വഭാവവും ശൈലിയും മാറിയാലേ എന്തെങ്കിലും സാധ്യയതയുള്ളു. എൻ.ഡി.എ മുന്നണിയിൽ കക്ഷികളെ നിർത്താനുള്ള ശ്രമം പോലുമില്ല. ഈഴവർ മത്സരിച്ചാൽ മറ്റുള്ളവർ വോട്ട് ചെയ്യുന്നില്ലന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.