കൊല്ലം: അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയെ കടിച്ചത് മൂര്‍ഖനെന്ന് പാമ്പിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം. പാമ്പിന്‍റെ മാംസത്തിന്‍റെ അവശിഷ്ടവും വിഷപ്പല്ലും പരിശോധനക്കായി ശേഖരിച്ചു. 152 സെന്‍റീമീറ്റർ നീളമുള്ള പാമ്പിന്‍റെ മാംസം ജീർണിച്ച അവസ്ഥയിലായിരുന്നു. എന്നാൽ പരിശോധനയ്ക്കായി ആവശ്യമുള്ളത് ലഭിച്ചതായി ഡോക്ടർമാർ അറിയിച്ചു. വനംവകുപ്പ്, പൊലീസ്, ഫോറന്‍സിക് സംഘം എന്നിവരുടെ സംഘം ചൊവ്വാഴ്ച രാവിലെ 11നാണ് ഉത്രയുടെ വീട്ടിലെത്തി പാമ്പിനെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്.
ഫോറൻസിക് സംഘം ശേഖരിച്ച സാമ്പിളുകൾ വിദഗ്‌ധ പരിശോധനക്ക് അയക്കുമെന്ന് അന്വേഷണ സംഘ തലവനായ ഡിവൈ.എസ്.പി അശോക് കുമാർ പറഞ്ഞു. അന്തിമ ഫലം കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിണ്ടോയെന്ന പരിശോധനയിലാണ് അന്വേഷണ സംഘം. കൊലപാതകത്തിൽ സൂരജിന്‍റെ ബന്ധുക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.