കൊല്ലം: കൊല്ലം അഞ്ചൽ ഉത്ര വധക്കേസിന്‍റെ വിചാരണ ഡിസംബർ ഒന്നിന് ആരംഭിക്കും. വിചാരണയ്ക്ക് മുന്നോടിയായി ഇന്നലെ കൊല്ലം ആറാം അഡിഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ചു. കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന കേസിലെ ഏകപ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജിനെ വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാക്കിയത്. കുറ്റപത്രത്തിലെ കണ്ടെത്തലുകളെല്ലാം സൂരജ് നിഷേധിച്ചു. കേസിലെ മാപ്പുസാക്ഷി ചാവരുകാവ് സുരേഷിനെ വിചാരണ ദിവസം വിസ്തരിക്കും.
സുരേഷിൽ നിന്നുവാങ്ങിയ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് ഉത്രയെ സൂരജ് കൊലപ്പെടുത്തിയത്. കൊലപാതകം, കൊലപാതക ശ്രമം, വിഷം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് സൂരജിന് മേൽ ചുമത്തിയിരിക്കുന്നത്. മേയ് ഏഴിന് പുലർച്ചെ ഒന്നരയോടെയാണ് കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്നിരുന്ന ഉത്രയെ ഇടതുകൈത്തണ്ടയിൽ മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. സൂരജ് അറസ്റ്റിലായതിന് ശേഷം ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സൂരജിന്‍റെ അച്ഛൻ സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേരും പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി.