കൊല്ലം: പാലക്കാട് കൊല്ലപ്പെട്ട കൊല്ലം മുഖത്തല സ്വദേശി സുചിത്രയുടെ മരണത്തിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. അടുത്ത സുഹൃത്തിന്‍റെ ഭർത്താവുമായുള്ള അടുപ്പം അതിരുവിട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
കൊല്ലം മുഖത്തല നടുവിലക്കര ശ്രീവിഹാറില്‍ സുചിത്ര പിള്ളയാണ് പാലക്കാട് കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ കോഴിക്കോട് വടകര സ്വദേശിയായ പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നര വർഷം മുൻപ് കൊല്ലം കൂനമ്പായിക്കുളത്ത് നിന്നാണ് പ്രശാന്ത് വിവാഹം കഴിച്ചത്. ഭാര്യയുടെ കുടുംബ സുഹൃത്തായ സുചിത്രയെ അവിടെ വച്ചാണ് പ്രശാന്ത് പരിചയപ്പെടുന്നത്. പിന്നീട് സാമൂഹിക മാധ്യമത്തിലൂടെ ഇവർ കൂടുതല്‍ അടുപ്പത്തിലായി. ഭാര്യയും മാതാപിതാക്കളുമായി പാലക്കാട്ടെ വീട്ടിലാണ് പ്രശാന്ത് താമസിച്ചിരുന്നത്. സ്കൂൾ അവധിയായതോടെ ഭാര്യയെ കൊല്ലത്തെ വിട്ടീലാക്കിയ പ്രശാന്ത് ഇവിടെ നിന്ന് സുചിത്രയുമായി പാലക്കാട്ടേക്ക് മടങ്ങുകയായിരുന്നു. സുചിത്ര ബന്ധം ഉപേക്ഷിക്കാൻ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സുചിത്ര 2008ല്‍ കൊട്ടാരക്കര സ്വദേശിയെയും 2015ല്‍ ഹരിപ്പാട് സ്വദേശിയെയും വിവാഹം ചെയ്തിരുന്നു.
കൊച്ചിയില്‍ ബ്യൂട്ടീഷ്യൻ കോഴ്സിന് പോകുകയാണെന്ന് പറഞ്ഞാണ് സുചിത്ര വീട് വിട്ട് ഇറങ്ങിയത്. സുചിത്രയെ കാണാതായതോടെ കൊട്ടിയം പൊലീസില്‍ പിതാവ് പരാതി നല്‍കിയിരുന്നു. അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനെ തുടർന്ന് മാതാപിതാക്കൾ കോടതിയില്‍ ഹേബിയസ് കോർപ്പസ് ഫയല്‍ ചെയ്തു. തുടർന്ന് കൊല്ലം എസിപി ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണം കൈമാറുകയായിരുന്നു. പ്രതി പ്രശാന്തിന്‍റെ മൊബൈല്‍ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പാലക്കാട്ടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
പ്രശാന്തും സുചിത്രയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. സംഗീത അധ്യാപകനായ പ്രശാന്തിന് സുചിത്ര പലപ്പോഴായി പണം നൽകി സഹായിച്ചിയിരുന്നതായി സൂചനയുണ്ട്. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം അപേക്ഷ സമർപ്പിക്കും.