കൊല്ലം: തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിഷേധം. യുഡിഎഫ്-ബിജെപി അംഗങ്ങൾ കമ്മിറ്റി ബഹിഷ്‌കരിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ അംഗൻവാടി ടീച്ചർമാരെയും കുടുംബശ്രീ അംഗങ്ങളെയും ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിക്കാൻ പഞ്ചായത്ത് പ്രസിഡന്‍റും സിഡിഎസ് ചെയർപേഴ്‌സണും ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.
നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി ടീച്ചർമാരെയും സിപിഎം പ്രവർത്തകന്‍റെ വീട്ടിൽ പഞ്ചായത്ത് പ്രസിഡന്‍റ് വിളിച്ചു വരുത്തി യോഗം ചേർന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. യോഗത്തിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും മന്ത്രി തോമസ് ഐസക് പങ്കെടുക്കുന്ന പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ പങ്കെടുക്കണമെന്ന് സിഡിഎസ് ചെയർപേഴ്സൺ നിർബന്ധിച്ചെന്നും ആരോപിച്ചാണ് പ്രതിപക്ഷ പാർട്ടികൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചത്. കമ്മിറ്റി ബഹിഷ്കരിച്ച യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മന്ത്രി തോമസ് ഐസക് എത്തുന്ന പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ പങ്കെടുക്കണമെന്ന് സിഡിഎസ് ചെയർപേഴ്സൺ വാട്‌സാപ്പിലൂടെ ആവശ്യപ്പെടുന്ന വോയിസ് ക്ലിപ്പും യുഡിഎഫ് അംഗങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഈ വിഷയങ്ങളിൽ പഞ്ചായത്ത് പ്രസിഡന്‍റ് മറുപടി പറയണം എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.